അധികാരത്തിൽ എത്തിയാൽ വീട്ടമ്മമാർ സ്വന്തം വീട്ടിൽ ചെയ്യുന്ന ജോലിക്ക് ശമ്പളം നൽകുമെന്ന് കമൽഹാസൻ.
കാഞ്ചീപുരം: അധികാരത്തിൽ എത്തിയാൽ വീട്ടമ്മമാർ സ്വന്തം വീട്ടിൽ ചെയ്യുന്ന ജോലിക്ക് ശമ്പളം ഉറപ്പാക്കുമെന്ന് കമൽഹാസൻ.സ്ത്രീശാക്തീകരണത്തിന് മുന്‍ഗണന നല്‍കുമെന്നും മക്കള്‍ നീതി മയ്യം അധ്യക്ഷന്‍ അറിയിച്ചു.
20121 ൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ എല്ലാ വീടുകളിലും അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുമെന്നും സംസ്ഥാനത്തെ കർഷകരെ കൃഷി സംരംഭകരാക്കി മാറ്റുമെന്നും അദ്ദേഹം പുറത്തിറക്കിയ ഭരണ – സാമ്പത്തിക അജണ്ട വാഗ്ദാനം നൽകുന്നു. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരെ സമൃദ്ധി രേഖയിലെത്തിക്കും എന്നതാണ് അദ്ദേഹത്തിന്റെ മറ്റൊരു വാഗ്ദാനം.
രജനികാന്തുമായി സഖ്യമുണ്ടാക്കുന്ന കാര്യത്തില്‍ യുക്തമായ സമയത്ത് പ്രഖ്യാപനമുണ്ടാകും. അദ്ദേഹത്തിന്റെ പാര്‍ട്ടി പ്രഖ്യാപനം വരെ കാത്തിരിക്കണമെന്നും അദ്ദേഹം അണികളോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ദ്രാവിഡ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
എം.ജി രാമചന്ദ്രന്റെ പാരമ്പര്യം അവകാശപ്പെടാവുന്ന ആരും അണ്ണാ ഡി.എം.കെയിൽ ഇല്ലെന്നും കമൽ ഹാസൻ പറഞ്ഞു. ‘നാളെ നമതേ’ എന്നതാണ് നമ്മുടെ മുദ്രാവാക്യം. മഹാത്മാ ഗാന്ധി, എം.ജി.ആർ, പെരിയാർ, അംബേദ്ക്കർ എന്നിവരെല്ലാം നമ്മുടെ ജനതയെ മുന്നോട്ട് നയിക്കുന്നവരാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ കമലിന്റെ മക്കള്‍ നീതി മയ്യവുമായി സഹകരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി വ്യക്തമാക്കി. ഇരുപാര്‍ട്ടികളും തമ്മില്‍ ചര്‍ച്ച നടത്തിയതായും ധാരണയിലെത്തിയെന്നുമാണ് ആം ആദ്മി തമിഴ്നാട് ഘടകം വിശദീകരിക്കുന്നത്.