ആറളത്തെ കാട്ടാനശല്യം: 11, 12 തീയ്യതികളില്‍ സംയുക്ത പരിശോധന
കാട്ടാനശല്യം രൂക്ഷമായ ആറളത്ത് ശാശ്വതമായ പരിഹാര നടപടികള്‍ സ്വീകരിക്കുന്നതിനായി സംയുക്ത പരിശോധന നടത്താന്‍ തീരുമാനം. പൊതുമരാമത്ത്, വനം വകുപ്പുകള്‍, ഐ ടി ഡി പി എന്നിവയിലെ ഉദ്യോഗസ്ഥര്‍ ആഗസ്റ്റ് 11, 12 തീയ്യതികളില്‍ സംയുക്ത പരിശോധന നടത്താന്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു. തുടര്‍ന്ന് അടിയന്തര റിപ്പോര്‍ട്ട് തയ്യാറാക്കി തുടര്‍നടപടികള്‍ സ്വീകരിക്കും.
കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ എ ഡി എം കെ കെ ദിവാകരന്, പൊതുമരാമത്ത് എക്സിക്യൂട്ടിവ് എന്‍ജിനിയര്‍ കെ ജിഷാ കുമാരി, ആറളം വൈല്‍ഡ് വാര്ഡന് പി സന്തോഷ് കുമാര്‍, ടി ആര് ഡി എം സൈറ്റ് മാനേജര്‍ കെ വി അനൂപ്, ഐ ടി ഡി പി അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസര്‍ കെ ബിന്ദു, റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാരായ സുധീര്‍ നേരോത്ത്, അഖില്‍ നാരായണന് എന്നിവര്‍ പങ്കെടുത്തു.