ഇന്നുമുതല്‍ ഒക്ടോബര്‍ 23 വരെ അതിശക്തമായ മഴക്ക് സാധ്യത
തിരുവനന്തപുരം: ഇന്നുമുതല്‍ ഒക്ടോബര്‍ 23 ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപകമായി അതിശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലും നാളെ കണ്ണൂര്‍, കാസര്‍കോഡ് ജില്ലകള്‍ ഒഴികെ മുഴുവന്‍ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
നിലവിലുള്ള സൂചന പ്രകാരം അതിശക്തമായ മഴ കൂടുതലായും കേരളത്തിന്റെ കിഴക്കന്‍ മലയോര മേഖലയിലും പശ്ചിമഘട്ട മേഖലയിലുമായിരിക്കും കേന്ദ്രീകരിക്കുക. സംസ്ഥാനത്തെ ഉരുള്‍പൊട്ടല്‍ സാധ്യത മേഖയിലാകെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
22 വരെ മത്സ്യബന്ധനം വിലക്കി. കിഴക്കന്‍ മലയോര, പശ്ചിമഘട്ട മേഖലകളിലും നദീതീരങ്ങളിലും പ്രത്യേക ജാഗ്രതാ നിര്‍ദേശമുണ്ട്.
പകല്‍ സമയത്ത് മഴ മാറി നില്‍ക്കുന്നത് കൊണ്ട് അമിതമായ ആത്മവിശ്വാസം ദുരന്ത സാധ്യത പ്രദേശങ്ങളിലുള്ള ജനങ്ങളോ ഉദ്യോഗസ്ഥരോ കാണിക്കരുതെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്കി. കാലാവസ്ഥ മുന്നറിയിപ്പില്‍ മാറ്റങ്ങള്‍ വരാവുന്നതും ചിലപ്പോള്‍ തെറ്റുകള്‍ സംഭവിക്കാവുന്നതുമാണ്. അതുകൊണ്ട് ദുരന്ത നിവാരണ അതോറിറ്റി പ്രഖ്യാപിക്കുന്ന അതീവ ജാഗ്രത നിര്‍ദേശം പിന്‍വലിക്കുന്നത് വരെ സുരക്ഷാ മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്, അദ്ദേഹം പറഞ്ഞു.
ഇന്നും നാളെയും റെഡ് അലര്‍ട്ട് എന്ന പോലെ സ്ഥിതി നേരിടുമെന്ന് റവന്യു മന്ത്രി കെ രാജന്. തുലാവര്‍ഷത്തിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചില്‍ ഉള്‍പ്പടെ നേരിടാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.