ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരത്തിന് ഐഎസ്ഐ മാര്‍ക്ക് നിര്‍ബന്ധം
കുട്ടികളുപയോഗിക്കുന്ന കളിപ്പാട്ടങ്ങള്‍ക്കും എല്ലാ ചെരുപ്പുകള്‍ക്കും ഇനി മുതല്‍ ഐഎസ്ഐ മാര്‍ക്ക് നിര്‍ബന്ധം. 350 ഉല്‍പ്പന്നങ്ങള്‍ക്കാണ് നിലവില്‍ ഐഎസ്ഐ മാര്‍ക്കുള്ളത്. ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാനാണ് ഈ സംവിധാനം.
ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്റേര്‍ഡ്സ് കൊച്ചി ബ്രാഞ്ച് ഓഫീസ് ജില്ലയിലെ വിവിധ വകുപ്പ് മേധാവികള്‍ക്കായി നടത്തിയ ബോധവല്‍ക്കരണ ക്ലാസിലാണ് പുതിയ ഉത്തരവുകളെപറ്റിയും ക്ലാസെടുത്തത്. കൊച്ചി ബ്രാഞ്ച് ഓഫീസിലെ ശാസ്ത്രജ്ഞരായ എസ് റിനോ ജോണ്‍, എം രമിത്ത് സുരേഷ് എന്നിവര്‍ ക്ലാസെടുത്തു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ക്ലാസ് ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്തു. ഗുണനിലവാരത്തിന്റെ പ്രാധാന്യം, ഇന്ത്യന്‍ സ്റ്റാന്റേര്‍ഡ്സ്, ഐഎസ്ഐ മാര്‍ക്ക്, രജിസ്ട്രേഷന് മാര്‍ക്ക്, ഹാള്‍മാര്‍ക്ക് തുടങ്ങി വിവിധ ബി ഐ എസ് സര്‍ട്ടിഫിക്കേഷനുകള്‍, ഇന്ത്യന്‍ സര്‍ക്കാരിന്റെ ഗുണനിലവാര നിയന്ത്രണ ഉത്തരവുകള്‍ എന്നിവയാണ് ക്ലാസെടുത്ത മറ്റു വിഷയങ്ങള്‍. ഉല്‍പ്പന്നങ്ങളുടെ ഗുണ നിലവാരം, ലൈസന്‍സ്, പരാതികള്‍, വ്യാജ ഐഎസ്ഐ മാര്‍ക്കുകള്‍ , ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്റേര്‍ഡ്സിന്റെ വെബ്സൈറ്റ് , ഉല്‍പ്പന്നങ്ങളുടെ രജിസ്ട്രേഷനുകളും മറ്റു വിവരങ്ങളും ലഭ്യമാകുന്ന ആപ്ലിക്കേഷനായ ബിസ്കേര് എന്നിവയെ പറ്റിയും വിശദമായി ക്ലാസെടുത്തു. ബിസ്കേര് ആപ്പില്‍ ആവശ്യമുള്ള ഉല്‍പ്പന്നങ്ങളുടെ ലൈസന്‍സ് നമ്പര്‍ നല്കിയാല് വിവരങ്ങള്‍ ലഭിക്കും. ഇതില്‍ പരാതികള്‍ അറിയിക്കാനും സാധിക്കും. തുടര്‍ന്ന് ക്ലാസില്‍ ഉദ്യോഗസ്ഥരുടെ സംശയങ്ങള്‍ക്കും, ചോദ്യങ്ങള്‍ക്കും മറുപടിയും നല്കി. എ ഡി എം കെ കെ ദിവാകരന് ചടങ്ങില്‍ പങ്കെടുത്തു. ഗുണനിലവാരം സംബന്ധിച്ച വിഷയങ്ങളെപറ്റി കൂടുതല്‍ അറിയാനും പരാതികള്‍ അറിയിക്കാനും https://www.bis.gov.in/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.