എല്ലാ കുട്ടികള്‍ക്കും മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുക സര്‍ക്കാര്‍ ലക്ഷ്യം: മുഖ്യമന്ത്രി
പൊതുവിദ്യാലയങ്ങളിലൂടെ കുട്ടികള്‍ക്ക് മികച്ച രീതിയിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കുകയും അത് വഴി സമൂഹത്തെ വിജ്ഞാന സമൂഹമാക്കിത്തീര്‍ക്കുകയുമാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കണ്ണൂര്‍ ഗവ. ടൗണ്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ 50 ലക്ഷം രൂപ ചെലവില്‍ നവീകരിച്ച ലാബുകളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ മറ്റ് സ്കൂളുകളിലെ നവീകരിച്ച ലാബുകളും മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു.
പ്രാദേശികമായ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തിക്കൊണ്ട് മാത്രമേ മുന്നേറാന്‍ കഴിയുകയുള്ളൂവെന്നും ഇതിനുള്ള അടിത്തറ സ്കൂള്‍ വിദ്യാഭ്യാസ തലത്തില്‍ തന്നെ സൃഷ്ടിക്കുകയെന്നതാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്കൂളുകളിലെ സാങ്കേതിക സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിലൂടെ മികച്ച പഠന സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ കഴിയും. ഏറ്റവും ഉന്നത നിലവാരമുള്ള അധ്യയനമാണ് ഇന്ന് സംസ്ഥാനത്തെ പൊതുവിദ്യാലങ്ങളിലുള്ളത്. ധനികനെന്നോ ദരിദ്രനെന്നോ ഉള്ള വ്യത്യാസമില്ലാതെ എല്ലാവര്ക്കും ഒരുപോലെ മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുകയാണ് സര്‍ക്കാര്‍. ലോകത്തിലെ തന്നെ ശ്രേഷ്ഠമായ വിദ്യാഭ്യാസമാണിത്. വളര്‍ന്നു വരുന്ന തലമുറയില്‍ വലിയ മാറ്റമാണ് വിദ്യാഭ്യാസ മേഖല സൃഷ്ടിക്കുക. ഇത് നാടിന്റെ അന്തരീക്ഷത്തില്‍ തന്നെ മാറ്റമുണ്ടാക്കും. കേരളത്തിലെ ഈ മാറ്റം എല്ലാവരും സ്വാഗതം ചെയ്യുന്നു എന്നതാണ് ശ്രദ്ധേയം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും മികവിന്റെ കേന്ദ്രങ്ങളാക്കുന്നതോടു കൂടി കേരളത്തിന്റെ വിദ്യാഭ്യാസ മേഖല ലോകം ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാകും.
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ആവശ്യമുള്ള കോഴ്സുകള്‍ വരുന്നതോടെ കോഴ്സിന്റെ അഭാവം മൂലം മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകേണ്ട സ്ഥിതി ഉണ്ടാവില്ല. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് കുട്ടികള്‍ കേരളത്തിലേക്ക് എത്തുന്ന സ്ഥിതി വിശേഷം ഉണ്ടാവും. ഇങ്ങനെ കേരളത്തെ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. മുഴുവന്‍ വിദ്യാലയങ്ങളും ഡിജിറ്റല്‍ സൗഹൃദമായ ആദ്യ സംസ്ഥാനമായി കേരളം മാറി മുഖ്യമന്ത്രി പറഞ്ഞു. ഭൗതിക സൗകര്യങ്ങള്‍ മികച്ചതാക്കുക മാത്രമല്ല കുട്ടികള്‍ക്ക് വേണ്ട പാഠപുസ്തകങ്ങളും കൃത്യമായി ലഭ്യമാക്കുന്നു. ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് സൗജന്യ യൂണിഫോമും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ഇത്തരത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്ത പ്രതീക്ഷിക്കാത്ത തരത്തിലുള്ള മുന്നേറ്റമാണ് സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മേഖല ഈ അഞ്ചു വര്‍ഷം കൊണ്ട് കൈവരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
89 സ്കൂള്‍ കെട്ടിടങ്ങള്‍, 41 നവീകരിച്ച ഹയര്‍സെക്കണ്ടറി ലാബുകള്‍ എന്നിവയുടെ ഉദ്ഘാടനവും 68 സ്കൂള്‍ കെട്ടിടങ്ങളുടെ ശിലസ്ഥാപനവുമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്.
ഉദ്ഘാടനം നിര്‍വഹിച്ച 23 സ്കൂള്‍ കെട്ടിടങ്ങള്‍ കിഫ്ബിയുടെ അഞ്ച് കോടി രൂപ സ്കീമില്‍ ഉള്‍പ്പെട്ടതാണ്. 14 സ്കൂള്‍ കെട്ടിടങ്ങള്‍ മൂന്ന് കോടി രൂപയുടെ സ്കീമില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മ്മിച്ചത്. പ്ലാന്‍ ഫണ്ട്, മറ്റ് ഫണ്ടുകള്‍ എന്നിവ ഉപയോഗിച്ച് നിര്‍മ്മിച്ച 52 സ്കൂള്‍ കെട്ടിടങ്ങളാണ് ഉദ്ഘാടനം ചെയതത്.
വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥ് അധ്യക്ഷനായി. മന്ത്രിമാരായ ഡോ. തോമസ് ഐസക്, കെ കെ ശൈലജ ടീച്ചര്‍, പൊതു വിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാന്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന് ബാബു തുടങ്ങിയവര്‍ സംസാരിച്ചു. ഗവ. ടൗണ്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്ന പരിപാടിയില്‍ പ്രിന്‍സിപ്പല്‍ പി ശ്രീജ, പ്രധാനാധ്യാപിക സി പി അനിത, ഡയറ്റ് ഫാക്കല്‍റ്റി ഷാജീവ് എന്നിവര്‍ പങ്കെടുത്തു.