എഴുപത്തൊന്നുകാരി കൃത്രിമ ഗര്‍ഭധാരണത്തിലൂടെ പ്രസവിച്ച പെണ്‍കുഞ്ഞ് പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചു


ആലപ്പുഴ: എഴുപത്തൊന്നുകാരി കൃത്രിമ ഗര്‍ഭധാരണത്തിലൂടെ പ്രസവിച്ച പെണ്‍കുഞ്ഞ് 45 ാം ദിവസം മരിച്ചു. കായംകുളം രാമപുരം എഴുകുളങ്ങര വീട്ടില്‍ റിട്ട. അധ്യാപിക സുധര്‍മ മാര്‍ച്ച്‌ 18ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജന്മം നല്‍കിയ പെണ്‍കുഞ്ഞാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് പാല്‍ തൊണ്ടയില്‍ കുടുങ്ങി അസ്വസ്ഥതയുണ്ടായ കുഞ്ഞിനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി മരിച്ചു.

ശസ്ത്രക്രിയയിലൂടെ ജനിച്ച കുഞ്ഞിന് തൂക്കവും പ്രതിരോധ ശക്തിയും കുറവായതിനാല്‍ 40 ദിവസം ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നു. ആരോഗ്യ സ്ഥിതി മെച്ചപ്പട്ടതോടെ കഴിഞ്ഞ 28ന് രാമപുരത്തെ വീട്ടിലേക്ക് കൊണ്ടുവന്നു.


ഒന്നര വര്‍ഷം മുന്‍പ് 35 വയസുള്ള ഇവരുടെ ഏകമകന്‍ സുജിത് സൗദിയില്‍‌ മരിച്ചതോടെയാണ് ഒരു കുഞ്ഞ് വേണമെന്ന് ആഗ്രഹം സുധര്‍മയ്ക്കുണ്ടായത്. കൃത്രിമ ഗര്‍ഭധാരണം എന്ന ആവശ്യവുമായി എത്തിയപ്പോള്‍ ആദ്യം ഡോക്ടര്‍മാര്‍ എതിര്‍ത്തു. ഇത്രയും കൂടിയ പ്രായത്തില്‍ ഒരു കുഞ്ഞിന് ജന്മം നല്‍കുന്നത് വലിയ വെല്ലുവിളിയാണെന്ന് ഡോക്ടര്‍മാര്‍ ആവര്‍ത്തിച്ചെങ്കിലും സുധര്‍മ തന്റെ ആവശ്യത്തില്‍ ഉറച്ചുനിന്നു. ഒടുവില്‍ സുധര്‍മയുടെ നിര്‍ബന്ധത്തിന് ഡോക്ടര്‍മാര്‍ വഴങ്ങി.

കുഞ്ഞിന് 32 ആഴ്ച പ്രായമായ മാര്‍ച്ച്‌ 18ന് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ലളിതാംബിക കരുണാകരന്റെ നേതൃത്വത്തില്‍ സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. ജനിക്കുമ്ബോള്‍ 1100 ഗ്രാം മാത്രമായിരുന്നു തൂക്കം. തുടര്‍ന്ന് ന്യൂബോണ്‍ ഐസിയുവില്‍ പ്രവേശിപ്പിച്ച്‌ പരിപാലിക്കുകയായിരുന്നു.