കണ്ണൂര്‍ നിയോജക മണ്ഡലം; വികസന പദ്ധതികള്‍ വേഗത്തിലാക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥര്‍ മുന്‍കയ്യെടുക്കണം; മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി
കണ്ണൂര്‍ നിയമസഭാ മണ്ഡലത്തിലെ വികസന പദ്ധതികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥര്‍ മുന്‍കൈയ്യെടുക്കണമെന്ന് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ മണ്ഡലത്തിലെ വികസന ക്ഷേമ മേഖലയില്‍ നിരവധി പദ്ധതികള്‍ തുടങ്ങാനും പൂര്‍ത്തിയാക്കാനും സാധിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. മണ്ഡലത്തിലെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത വകുപ്പ് തലവന്മാരുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതികള്‍ ആരംഭിക്കുന്നതിനും നടപ്പിലാക്കുന്നതിനും വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ സാധിച്ചിട്ടുണ്ടെന്നും ഇത് തുടരണമെന്നും സാധ്യമാകുന്ന വേഗതയില്‍ കാര്യങ്ങള്‍ ചെയ്യാനുള്ള നടപടികള്‍ വകുപ്പ് തലവന്മാര് സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.
മണ്ഡലത്തിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ സോളാര്‍ പാനല്‍ നല്കുന്ന പദ്ധതി ഫെബ്രുവരി പകുതിയോടെ പൂര്‍ത്തീകരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്കി. മണ്ഡലത്തിലെ ലൈബ്രറികള്‍ ഡിജിറ്റൈസ് ചെയ്യുന്നതിനുള്ള ഉപകരണ സാമഗ്രികള്‍ ജനുവരി 31 ഓടെ വിതരണം ചെയ്യണമെന്നും ഫെബ്രുവരി ആദ്യ വാരം തന്നെ പദ്ധതി പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്കി.
മേലെ ചൊവ്വ അണ്ടര്‍പാസ് നിര്‍മ്മാണം തുടങ്ങാന്‍ ആവശ്യമായ നടപടികള്‍ എത്രയും പെട്ടെന്ന് സ്വീകരിക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു. പിഡബ്ല്യൂഡി ബില്‍ഡിംഗ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ ടീമിനോട് കെട്ടിട വില നിശ്ചയിച്ച് എത്രയും പെട്ടെന്ന് തന്നെ തുടര്‍പ്രവൃത്തികള്‍ നടത്താനും മന്ത്രി നിര്‍ദ്ദേശം നല്കി. ജില്ലാ ആശുപത്രിയില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിച്ച നാല് ഡയാലിസിസ് യന്ത്രങ്ങളില്‍ രണ്ടെണ്ണം സ്ഥാപിച്ചു കഴിഞ്ഞു. ബാക്കിയുള്ള രണ്ടെണ്ണവും പള്‍സ് ഓക്സിമീറ്ററും ഉടന്‍ സ്ഥാപിച്ച് പ്രവൃത്തി ആരംഭിക്കും.
വിദ്യാഭ്യാസം,പൊതുമരാമത്ത് (പാലം, റോഡ്, ബില്‍ഡിംഗ്, ഇലക്ട്രിക്കല്‍) ജലസേചനം, ഫിഷറീസ്, ആരോഗ്യം, ജില്ലാ ആശുപത്രി, വൈദ്യുതി, കെ എസ് ആര് ടി സി തുടങ്ങി വിവിധ മേഖലകളില്‍ മണ്ഡലത്തില്‍ നടപ്പാക്കി വരുന്ന പ്രവൃത്തികളുടെ നിലവിലെ സ്ഥിതിഗതികളാണ് യോഗം ചര്‍ച്ച ചെയ്തത്. മണ്ഡലത്തിലെ അന്തിമ ഘട്ടത്തിലെത്തിയ പദ്ധതികള്‍ ഫെബ്രുവരി 15ന് മുന്‍പായി പൂര്‍ത്തീകരിക്കത്തക്ക വിധത്തില്‍ പ്രവൃത്തികള്‍ വേഗത്തില്‍ ചെയ്യാനാണ് വകുപ്പുകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള പദ്ധതി നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെക്കുന്നതിനും നിലവിലെ പദ്ധതികള്‍ അവലോകനം ചെയ്യുന്നതിനുമായി ഫെബ്രുവരി 20ന് മണ്ഡലതല വികസന സെമിനാര്‍ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ എഡിഎം ഇ പി മേഴ്സി, കണ്ണൂര്‍ മണ്ഡലം വികസന സമിതി കണ്‍വീനര്‍ എന്‍ ചന്ദ്രന്, ജില്ലാ പ്ലാനിങ് ഓഫീസര്‍ കെ പ്രകാശന്, എഡിസി ജനറല്‍ അബ്ദുള്‍ ജലീല്‍, വിവിധ വകുപ്പ് തലവന്മാര്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.