കരിപ്പൂര്‍ വിമാനത്താവളത്തിലെ സിബിഐ റെയ്ഡില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്ന് പണവും സ്വര്‍ണവും പിടികൂടി
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലെ സിബിഐ റെയ്ഡില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്ന് പണവും സ്വര്‍ണവും പിടികൂടി. കസ്റ്റംസിന്റെ ഡ്യൂട്ടി ഓഫിസില്‍ നിന്ന് 650 ഗ്രാം സ്വര്‍ണമാണ് സി.ബി.ഐ പിടിച്ചെടുത്തത്. മൂന്നര ലക്ഷം രൂപയും കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്നും കണ്ടെടുത്തു.
കരിപ്പൂര്‍ വിമാനത്താവളം വഴി തുടര്‍ച്ചയായി സ്വര്‍ണ്ണക്കടത്ത് നടന്നതിന്റെയും അത് പിടികൂടിയതിന്റെയും അടിസ്ഥാനത്തിലായിരുന്നു സിബിഐ പരിശോധന. ഡി.ആര്.ഐയുടെ സഹകരണത്തോടെയായിരുന്നു റെയ്ഡ്.
സിബിഐ റെയ്ഡ് 24 മണിക്കൂര്‍ നീണ്ടു. ഇന്നലെ പുലര്‍ച്ചെ തുടങ്ങിയ റെയ്ഡ് അവസാനിച്ചത് ഇന്ന് പുലര്‍ച്ചെ ആയിരുന്നു. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യാത്രക്കാരില്‍ നിന്ന് 750 ഗ്രാം സ്വര്‍ണവും പിടിച്ചെടുത്തിട്ടുണ്ട്. വിദേശ സിഗരറ്റ് പെട്ടികളും സി.ബി.ഐ പിടിച്ചെടുത്തവയിലുണ്ട്.
കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യാത്രക്കാരെ വീണ്ടും അകത്തേക്ക് വിളിച്ച് സിബിഐ അന്വേഷണ സംഘം പരിശോധിക്കുകയായിരുന്നു. ഈ പരിശോധനയിലാണ് സ്വര്‍ണവും അനധികൃതമായി കടത്തുകയായിരുന്നു മറ്റ് വസ്തുക്കളും പിടിച്ചെടുത്തത്.
പാസ്പോര്‍ട്ട് വാങ്ങിവെച്ചതിന് ശേഷം യാത്രക്കാരെ പറഞ്ഞയച്ചു.