കവിയും ഗാനരചയിതാവുമായ എസ് രമേശൻ നായർ അന്തരിച്ചു

കൊച്ചി: കവിയും ഗാനരചയിതാവുമായ എസ് രമേശൻ നായർ അന്തരിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി, കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവാണ്.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അല്പം മുന്‍പായിരുന്നു മരണം സ്ഥിരീകരിച്ചത്.കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്നു.1985ല്‍ പുറത്തിറങ്ങിയ പത്താമുദയം എന്ന സിനിമയ്ക്കു ഗാനങ്ങള്‍ രചിച്ചുകൊണ്ടാണ് മലയാളചലച്ചിത്ര രംഗത്തേക്കു പ്രവേശിക്കുന്നത്. തപസ്യ കലാസാഹിത്യ വേദിയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു. 

ഗുരുപൗർണ്ണമി എന്ന കാവ്യ സമാഹാരത്തിനു 2018 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.   2010-ലെ കേരളസാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരവും, ആറാം വെണ്ണിക്കുളം സ്മാരക പുരസ്കാരവും ആശാൻ പുരസ്കാരവും  ലഭിച്ചിട്ടുണ്ട്.

1948 മേയ് 3ന് കന്യാകുമാരി ജില്ലയിലെ കുമാരപുരത്തായിരുന്നു ജനനം. പരേതരായ ഷഡാനനന്‍ തമ്പിയും പാര്‍വതിയമ്മയുമാണ് മാതാപിതാക്കള്‍. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സബ് എഡിറ്ററായും ആകാശവാണിയില്‍ നിര്‍മാതാവായും രമേശന്‍ നായര്‍ പ്രവര്‍ത്തിച്ചിരുന്നു. തൃശൂര്‍ വിവേകോദയം സ്‌കൂള്‍ റിട്ട. അധ്യാപികയും എഴുത്തുകാരിയുമായ പി.രമയാണ് ഭാര്യ. ഏക മകന്‍ മനു രമേശന്‍ സംഗീത സംവിധായകനാണ്