കുട്ടനാട്ടിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു

ആലപ്പുഴ: കുട്ടനാട്ടിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. വളർത്തു പക്ഷികളിൽ H5 N1 വൈറസാണ് കണ്ടെത്തിയത്. ജില്ലയിലെ 11 പഞ്ചായത്തുകളിൽ നിന്ന് താറാവുകളെയും മറ്റ് വളർത്തു പക്ഷികളെയും കൈമാറുന്നതിനും കൊണ്ടു പോകുന്നതിനും നിരോധനമേർപ്പെടുത്തി.രോഗം ആദ്യം കണ്ടെത്തിയ തകഴി പഞ്ചായത്തിലെ താറാവുകളെ കൊന്നൊടുക്കാൻ കലക്ട്രേറ്റിൽ ചേർന്ന അടിയന്തര യോഗത്തിനു ശേഷം തീരുമാനമായി.

പ്രതിരോധ പ്രവർത്തനങ്ങൾക്കായി 10 ടീമുകളെ നിയോഗിച്ചു. പനിയോ മറ്റ് രോഗങ്ങളോ പടരുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ ആരോഗ്യ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. താറാവുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചത് ക്രിസ്മസ് വിപണികൂടി ലക്ഷ്യമിട്ട കർഷകരിൽ ആശങ്കയുണ്ടാക്കുന്നതാണ്.