കൂത്തുപറമ്പ് സ്പെഷ്യൽ സബ് ജയിൽ ഉദ്ഘാടനം ചെയതു
ജയിലുകളെ പരിവർത്തന കേന്ദ്രങ്ങളാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൂത്തുപറമ്പ് സ്പെഷ്യൽ സബ് ജയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കുറ്റവാളികളെ കുറ്റവാസനകളിൽ നിന്നു മുക്തമാക്കാനുള്ള സമീപനങ്ങൾ ജയിലധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകണം. ജയിലിലെ കൂട്ടുകെട്ടിലൂടെ കൂടുതൽ കുറ്റം ചെയ്യാനുള്ള ത്വര ഉണ്ടാകും. ഇത് മനസ്സിൽ കണ്ട് കൊണ്ട് പുതിയ ആളുകളെ കുറ്റകൃത്യത്തിലേക്ക് നയിക്കാതിരിക്കാൻ അധികൃതർ ശ്രദ്ധ പുലർത്തണം. കുറ്റവാളികളെ കുറ്റകൃത്യങ്ങളിൽനിന്ന് മോചിതരാവാൻ ജയിൽ അധികൃതരുടെ ഭാഗത്ത് നിന്നും നല്ല ശ്രദ്ധ വേണം. വ്യായാമം, വായന തുടങ്ങിയവയെ പ്രോൽസാഹിപ്പിച്ചാൽ കുറ്റവാളികളുടെ മാനസിക നിലയിൽ മാറ്റമുണ്ടാകും.
റിമാൻഡ് തടവുകാരെ കുറ്റവാളികളായി കാണാൻ പാടില്ല. വിധി വരുന്നത് വരെ അവർ കുറ്റാരോപിതർ മാത്രമാണ്. അത് ഉൾക്കൊണ്ടുള്ള സമീപനമാണ് അവരോട് ജയിൽ അധികൃതർ സ്വീകരിക്കേണ്ടത്- മുഖ്യമന്ത്രി പറഞ്ഞു.
രണ്ടുവർഷം കൊണ്ടാണ് സബ്ജയിലിന്റെ പ്രവൃത്തി പൂർത്തിയാക്കിയത്. ബ്രിട്ടീഷുകാർ നിർമിച്ച പഴയ ജയിൽ മുറികളും പഴയ പോലീസ് സ്റ്റേഷൻ കെട്ടിടവും ഉപയോഗപ്പെടുത്തിയാണ് കോടതിക്ക് സമീപത്തായി സബ്ജയിൽ നിർമിച്ചത്. തലശ്ശേരിയിൽ സബ്ജയിൽ വന്നതോടെയാണ് കൂത്തുപറമ്പ് സബ്ജയിൽ പ്രവർത്തനരഹിതമായത്. എന്നാൽ പിന്നീട് ഏറെക്കാലം പോലീസ് ലോക്കപ്പായും സർക്കിൾ ഇൻസ്പെക്ടർ ഓഫീസായും ഈ കെട്ടിടം ഉപയോഗിച്ചു. പഴയ സബ്ജയിൽ 3.30 കോടി രൂപ ചെലവിൽ നവീകരിച്ചാണ് സ്പെഷൽ സബ്ജയിലാക്കിയത്. 50 തടവുകാരെ പാർപ്പിക്കാനുള്ള സൗകര്യമാണ് നിലവിലുള്ളത്. കൂത്തുപറമ്പ്, മട്ടന്നൂർ കോടതികളിൽ നിന്നുള്ളവരെയാണ് ഇവിടേക്ക് റിമാൻഡ് ചെയ്യുക. കൂറ്റൻ ചുറ്റുമതിലും തടവുകാർക്കുള്ള ശുചിമുറികളും അടുക്കളയും സ്റ്റോർ മുറിയും ഓഫിസിനുമുള്ള ഇരുനില കെട്ടിടവും പുതുതായി നിർമ്മിച്ചു.
കെ പി മോഹനൻ എം എൽ എ അധ്യക്ഷനായി. ഡോ വി ശിവദാസൻ എം പി മുഖ്യാതിഥിയായി. പി ഡബ്ല്യൂ ഡി എറണാകുളം കെട്ടിടവിഭാഗം സൂപ്രണ്ടിങ് എഞ്ചിനീയർ ടി എസ് സുജാറാണി റിപ്പോർട്ട് അവതരിപ്പിച്ചു. സണ്ണി ജോസഫ് എം എൽ എ, കുത്തുപറമ്പ് നഗരസഭ ചെയർപേഴ്സൻ സുജാത ടീച്ചർ, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആർ ഷീല, നഗരസഭ സ്ഥിരംസമിതി അധ്യക്ഷ ലിജി സജേഷ്, ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ, പ്രിസൺസ് ആൻഡ് കറക്ഷൻ സർവ്വീസസ് ജനറൽ ഡയറക്ടർ സുദേഷ് കുമാർ, തലശ്ശേരി പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജ് ജോബിൻ സെബാസ്റ്റിയൻ, ജയിലാസ്ഥാന കാര്യാലയം ഡി ഐ ജി എം കെ വിനോദ് കുമാർ, കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ, കെ ജെ ഇ ഒ എ സംസ്ഥാന സെക്രട്ടറി പി ടി സന്തോഷ്, കെ ജെ എസ് ഒ എ ജനറൽ സെക്രട്ടറി പി വി ജോഷി, ഉത്തര മേഖലാ ജയിൽ ഡി ഐ ജി സാം തങ്കപ്പൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്തു.