കെ.ടി.ജലീലിന് തിരിച്ചടി;ലോകായുക്ത ഉത്തരവ് ഹൈക്കോടതി ശരിവെച്ചു.
കൊച്ചി: ബന്ധുനിയമന വിവാദത്തിലെ ലോകായുക്ത ഉത്തരവിനെതിരെ സമർപ്പിച്ച ഹർജിയിൽ മുൻമന്ത്രി കെ.ടി.ജലീലിന് തിരിച്ചടി. ലോകായുക്ത ഉത്തരവ് ഹൈക്കോടതി ശരിവെച്ചു.
ജസ്റ്റിസ് പി.ബി. സുരേഷ് കുമാറും ജസ്റ്റിസ് കെ. ബാബുവും അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധിപറഞ്ഞത്. കഴിഞ്ഞ ചൊവ്വാഴ്ച ഹർജിയിൽ വാദം കേൾക്കുന്നതിനിടയിലാണ് ജലീൽ മന്ത്രിസ്ഥാനം രാജിവെച്ചത്.
ബന്ധുനിയമന വിഷയത്തിൽ ജലീൽ സ്വജനപക്ഷപാതവും അധികാരദുർവിനിയോഗവും നടത്തിയെന്നും മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നുമായിരുന്നു ലോകായുക്ത നിരീക്ഷണം.
പ്രാഥമികാന്വേഷണം പോലുമില്ലാതെയാണ് ലോകായുക്ത അന്തിമ റിപ്പോർട്ട് തയ്യാറാക്കിയതെന്നായിരുന്നു ജലീലിന്റെ വാദം. നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും വാദിച്ചിരുന്നു. സർക്കാരും ഈ വാദത്തെ പിന്തുണച്ചു. എന്നാൽ, ലോകായുക്തയുടെ റിപ്പോർട്ട് സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അനുവദിച്ചിരുന്നില്ല.