കേന്ദ്ര സർവകലാശാലകളിലെ ഡിഗ്രി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഒറ്റ പ്രവേശന പരീക്ഷ നടത്തുമെന്ന് കേന്ദ്ര സർക്കാർ.
ന്യൂഡൽഹി: 2020-21 അധ്യയന വർഷം മുതൽ കേന്ദ്ര സർവകലാശാലകളിലെ ഡിഗ്രി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഒറ്റ പ്രവേശന പരീക്ഷ നടത്തുമെന്ന് കേന്ദ്ര സർക്കാർ.
വിവിധ കേന്ദ്ര സർവകലാശാലകളിൽ ഉയർന്ന കട്ട് ഓഫ് മാർക്ക് കാരണം വിദ്യാർത്ഥി പ്രവേശനത്തിൽ ഉണ്ടാകുന്ന സങ്കീർണ്ണത ഒറ്റ പ്രവേശന പരീക്ഷയിലൂടെ ഇല്ലാതാകുമെന്നാണ് കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടുന്നത്.
ഉയർന്ന നിലവാരത്തിലുള്ള അഭിരുചി പരീക്ഷ നടത്തുന്നതിനുള്ള നടപടിക്രമം തീരുമാനിക്കാൻ ഏഴംഗ വിദഗ്ദ്ധ സമിതിക്ക് കേന്ദ്ര സർക്കാർ രൂപം നൽകി. ദേശിയ ടെസ്റ്റിങ് ഏജൻസിയാണ് കമ്പ്യുട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ നടത്തുകയെന്ന് കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അമിത് ഖരെ അറിയിച്ചു.
ഓരോ വർഷവും രണ്ട് തവണ പ്രവേശന പരീക്ഷ നടത്താനാണ് സർക്കാർ ആലോചിക്കുന്നത്. എന്നാൽ 2020 -21 വർഷത്തിൽ ഒരു തവണ മാത്രമേ പരീക്ഷ ഉണ്ടാകുകയുള്ളൂ.
കൂടുതൽ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ കഴിയുന്ന തരത്തിലാകും ഒറ്റ പ്രവേശന പരീക്ഷ എഴുതാനുള്ള മിനിമം മാർക്ക് നിശ്ചയിക്കുകയെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു.