കോര്പറേഷന് തല കൊവിഡ് ജാഗ്രത സമിതി യോഗം ചേര്‍ന്നു ജൂബിലി ഹാളിലെ വാക്സിനേഷന് പുനരാരംഭിക്കണമെന്ന് നിര്‍ദേശം
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കോര്‍പറേഷന്‍തല ജാഗ്രതാ സമിതി യോഗം ചേര്‍ന്നു. ജനങ്ങള്‍ക്ക് ഏറ്റവും ഉപകാരപ്രദമായിരുന്ന ജൂബിലി ഹാളിലെ വാക്സിനേഷന് പുനരാരംഭിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കോര്പറേഷന് പരിധിയില്‍ ടിപിആര്‍ കൂടാതിരിക്കാനുള്ള ജാഗ്രത വേണമെന്നും വാക്സിനേഷന് എല്ലാവര്ക്കും ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും മേയര്‍ അഡ്വ. ടി ഒ മോഹനന് പറഞ്ഞു. കോര്‍പറേഷനിലെ ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ പിഎച്ച്സികള്‍ മുഖേന രോഗികള്‍ക്ക് സൗജന്യമായി ലഭ്യമാക്കുന്നതിനായി വ്യാഴാഴ്ച ചേര്‍ന്ന മെഡിക്കല്‍ ഓഫീസര്‍മാരുടെ യോഗം തീരുമാനിച്ചതായും ഇവ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ മുഖേന നല്‍കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും സുതാര്യമായ രീതിയില്‍ ഓക്സിജന്‍ കോണ്സെന്ട്രേറ്റര് മെഷീനുകള്‍ പൊതുജനങ്ങള്‍ക്ക് നല്‍കുമെന്നും മേയര്‍ യോഗത്തില്‍ അറിയിച്ചു. ജില്ലയില്‍ ഏറ്റവും കുറഞ്ഞ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള തദ്ദേശസ്വയംഭരണ സ്ഥാപനമാണ് കണ്ണൂര്‍ കോര്പറേഷന്, എങ്കിലും നിയന്ത്രണങ്ങളില്‍ പൂര്‍ണമായി ഇളവ് വരുത്തുന്നത് രോഗവ്യാപനത്തിന് കാരണമാവുമെന്നും അദ്ദേഹം പറഞ്ഞു.
പോസിറ്റീവ് നിരക്ക് കുറച്ചു കൊണ്ടുവരുന്നതിന് എല്ലാ കടകളിലും, പൊതുസ്ഥലങ്ങളിലും പൊലീസും ആരോഗ്യവിഭാഗവും സംയുക്തമായി കര്‍ശന പരിശോധനകള്‍ നടത്തുവാന്‍ യോഗത്തില്‍ തീരുമാനിച്ചു. കടകളിലും മറ്റ് പൊതുസ്ഥലങ്ങളിലും ആള്‍ക്കൂട്ടം ഉണ്ടാകുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനാല്‍ പൊലീസ് പട്രോളിംഗും അനൗണ്‍സ്മെന്റും നടത്തുന്നതിന് നടപടി സ്വീകരിക്കണമെന്ന് യോഗം നിര്‍ദേശം നല്കി. എല്ലാ വാര്‍ഡുകളിലും വാര്‍ഡ്തല ജാഗ്രതാ കമ്മിറ്റികള്‍ തിങ്കളാഴ്ച മുതല്‍ മൂന്ന് ദിവസത്തിനകം ചേരണം. കോര്പറേഷന് പരിധിയിലെ പൊതുജനങ്ങള്‍ക്ക് വാക്സിനേഷനുകള്‍ അതത് പിഎച്ച്സികളില് നിന്നും ലഭ്യമാകുന്നില്ലെന്ന് കൗണ്‍സിലര്‍മാര്‍ പരാതിപ്പെട്ടിട്ടുണ്ടെന്നും പിഎച്ച്സികള്‍ വഴിയുള്ള വാക്സിനേഷനുകളുടെ എണ്ണം കൂട്ടണമെന്നും ഫസ്റ്റ് ഡോസ് വാക്സിന് എടുത്ത് 84 ദിവസം എന്ന കാലാവധി കഴിഞ്ഞവര്‍ക്ക് അടിയന്തരമായി സെക്കന്‍ഡ് ഡോസ് വാക്സിന് ലഭ്യമാക്കണമെന്നും യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു. ഇതിനായി ജൂബിലി ഹാളില്‍ സൗകര്യമൊരുക്കണം. ലോക്ഡൗണ്‍ അവസാനിച്ചുവെങ്കിലും കോര്‍പറേഷനില്‍ പ്രവര്‍ത്തിച്ചുവരുന്ന വരുന്ന ഹെല്‍പ്പ് ഡെസ്ക് സംവിധാനം തുടരും. ടെസ്റ്റുകള്‍ പരമാവധി വര്‍ധിപ്പിക്കുന്നതിന് ആരോഗ്യവകുപ്പ് നടപടികള്‍ സ്വീകരിക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു.
യോഗത്തില്‍ മേയര്‍ അഡ്വ. ടി ഒ മോഹനന് അധ്യക്ഷനായി. എംഎല്‍എമാരായ കടന്നപ്പള്ളി രാമചന്ദ്രന്, കെ വി സുമേഷ്, ഡെപ്യൂട്ടി മേയര്‍ കെ ശബിന, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ അഡ്വ. മാര്ട്ടിന് ജോര്‍ജ്, അഡ്വ. പി ഇന്ദിര, സിയാദ് തങ്ങള്‍, ഷമീമ ടീച്ചര്‍, സുരേഷ് ബാബു എളയാവൂര്, കൗണ്‍സിലര്‍മാരായ എന്‍ സുകന്യ, എം പി രാജേഷ് കോര്പറേഷന് സെക്രട്ടറി ഡി സാജു, സിഎഫ്എല്‍ടിസി നോഡല്‍ ഓഫീസര്‍ ഡോ.ഒ ടി രാജേഷ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ സി വി അഖിലേഷ്, സി എം ഗോപിനാഥന്, കെ പ്രമോദ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.