കോഴിക്കോട് നഗരത്തിൽ കണ്ണൂർ സ്വദേശിനിക്ക് നേരെ ആസിഡ് ആക്രമണം

കോഴിക്കോട് നഗരത്തിൽ പട്ടാപ്പകൽ യുവതിക്കു നേരെ ആസിഡ് ആക്രമണം. കണ്ണൂർ പയ്യാവൂർ സ്വദേശിയായ 22കാരിക്കു നേരെയാണ് തൊണ്ടയാടു വച്ച് ആസിഡ് ഒഴിച്ചത്. സംഭവത്തിൽ കണ്ണൂർ കല്യാട് സ്വദേശിയായ പി.വിഷ്ണു (28) അറസ്റ്റിലായി. ഹൈഡ്രോക്ലോറിക് ആസിഡാണ് ഒഴിച്ചത്.

പെൺകുട്ടി ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സാരമായ പരുക്കില്ല. ഇന്നലെ രാവിലെ 9.30ഓടെയാണു സംഭവം. പൊറ്റമ്മലിൽ പ്രവർത്തിക്കുന്ന ദന്താശുപത്രിയിലെ ജീവനക്കാരിയായ യുവതിയും കൂട്ടുകാരിയും രാവിലെ ആശുപത്രിയിലേക്കു  നടന്നു പോകുന്നതിനിടെയാണ്  ആക്രമണം. വിഷ്ണുവും പെൺകുട്ടിയും തമ്മിൽ നേരത്തേ പരിചയമുണ്ടായിരുന്നതായി പൊലീസ് പറയുന്നു. വിഷ്ണു 2 വർഷം മുൻപ്  വിവാഹം കഴിച്ചിരുന്നു.