ഗവര്‍ണര്‍ ഒപ്പുവെച്ചു:മണിച്ചന്ജയില് മോചിതനാകും
തിരുവനന്തപുരം: കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ മുഖ്യപ്രതി മണിച്ചന് ഉള്‍പ്പെടെ 33 തടവുകാരുടെ ശിക്ഷ ഇളവുചെയ്യാനുള്ള മന്ത്രിസഭയുടെ ശുപാര്‍ശ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഒപ്പുവെച്ചു. ഇതോടെ ഇവര്‍ ഉടന്‍ ജയില്‍ മോചിതരാകും.
33 പേരെ തെരെഞ്ഞെടുത്തതിന്റെ കാരണം തേടി ഗവര്‍ണര്‍ ഫയല്‍ തിരിച്ചയച്ചിരുന്നു.എന്നാല്‍ വിദഗ്ദ സമിതി വിശദമായി പരിശോധിച്ചാണ് 64 പേരില്‍ 33 പേരെ വിടാന്‍ തീരുമാനം എടുത്തത് എന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം. 20 വര്‍ഷം തടവ് പിന്നിട്ടവരെയും പ്രായാധിക്യം ഉള്ളവരെയും രോഗികളെയും ആണ് പരിഗണിച്ചത് എന്നായിരുന്നു വിശദീകരണം.
മദ്യദുരന്തക്കേസിലെ പ്രതി മണിച്ചനുള്‍പ്പെടെ 33 തടവുകാരുടെ മോചനത്തിനായി എല്ലാ ചട്ടങ്ങളും പാലിച്ചുകൊണ്ടാണ് തീരുമാനമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എല്ലാ ചട്ടങ്ങളും പാലിച്ച് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ വിശദമായ പരിശോധന നടത്തിയതുകൊണ്ടാണ് ഉദ്യോഗസ്ഥ സമിതി ശുപാര്‍ശ ചെയ്ത 64 പട്ടിക 33 ആയി ചുരുങ്ങിയതെന്നും സര്‍ക്കാര്‍ വിശദീകരിച്ചിരുന്നു.