ചരിത്രദൗത്യം: രാജ്യത്തെ 750 പെൺകുട്ടികളുടെ സ്വപ്നം, SSLV D2 വിക്ഷേപണം വിജയം

ഐ.എസ്.ആര്‍.ഒ രൂപം നല്‍കിയ സ്‌മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (എസ്.എസ്.എല്‍.വി- ഡി 2) വിജയകരമായി വിക്ഷേപിച്ചു. ഭൂപ്രതലത്തില്‍ നിന്ന് 450 കിലോ മീറ്റര്‍ അകലെയുള്ള ഭ്രമണ പഥത്തില്‍ മൂന്ന് ഉപഗ്രഹങ്ങളെ എത്തിച്ച് കൊണ്ടാണ് വിജയം കുറിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥിനികള്‍ നിര്‍മിച്ച ‘ആസാദി സാറ്റ്-2’ എന്ന ചെറു ഉപഗ്രഹവും വിക്ഷേപിച്ചവയില്‍ ഉള്‍പ്പെടുന്നു.

ചെറിയ ഉപഗ്രഹങ്ങള്‍ കുറഞ്ഞ ചെലവില്‍ വിക്ഷേപിക്കുന്നതിന് ഉള്ളതാണ് എസ്.എസ്.എല്‍.വി. വെള്ളിയാഴ്ച രാവിലെ 9.18ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്സ് സെന്ററിലെ രണ്ടാം വിക്ഷേപണ തറയില്‍ നിന്നായിരുന്നു വിക്ഷേപണം. 13 മിനിറ്റ് കൊണ്ട് മൂന്ന് ഉപഗ്രഹങ്ങളും ഭ്രമണപഥത്തിൽ എത്തിക്കാന്‍ എസ്.എസ്.എല്‍.വി റോക്കറ്റിനായി ഐ.എസ്.ആര്‍.ഒ. നിര്‍മിച്ച ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്- 07, അമേരിക്കയിലെ അന്റാരിസ് നിര്‍മിച്ച ജാനസ് വണ്‍, ചെന്നൈയിലെ സ്‌പെയ്സ് കിഡ്സിന്റെ ആസാദി സാറ്റ്-2 എന്നിവയാണ് എസ്.എസ്.എല്‍.വി വിക്ഷേപിച്ച ഉപഗ്രഹങ്ങള്‍.

വിവിധ സംസ്ഥാനങ്ങളിലെ 75 സര്‍ക്കാര്‍ സ്‌കൂളുകളിലെ 750 പെണ്‍കുട്ടികളുടെ കൂട്ടായ്മയിലാണ് ആസാദി സാറ്റ് പിറന്നത്. ആസാദി സാറ്റ് നിര്‍മ്മാണത്തിന് ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്‌പെയ്സ് കിഡ്സ് ഇന്ത്യ മേല്‍നോട്ടം വഹിച്ചു. എസ്.എസ്.എല്‍.വി കൂടി വന്നതോടെ നിലവില്‍ ഐ.എസ്.ആര്‍.ഒ യുടെ വിക്ഷേപണ വാഹനങ്ങളുടെ എണ്ണം മൂന്നായി. പി.എസ്.എല്‍.വിയും ജി.എസ്.എല്‍.വി.യും ആണ് മറ്റ് രണ്ട് വിക്ഷേപണ വാഹനങ്ങള്‍. 56 കോടി രൂപയാണ് എസ്.എസ്.എല്‍.വി യുടെ നിര്‍മാണ ചെലവ്. നിര്‍മ്മാണ സമയവും വിക്ഷേപണ ചെലവും വളരെ കുറവാണ് എന്നതാണ് വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കാവുന്ന ഈ വാഹനത്തിന്റെ സവിശേഷത.