ജഗ്ദീപ് ധൻകർ ഇന്ത്യയുടെ 14ാമത് ഉപരാഷ്ട്രപതി
ന്യൂഡൽഹി: ജഗ്ദീപ് ധൻകർ ഇന്ത്യയുടെ 14ാമത് ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടു. 528 വോട്ടാണ് ധൻകർ നേടിയത്. എതിർ സ്ഥാനാർഥിയായ മാർഗരറ്റ് ആൽവക്ക് 182 വോട്ടുകളാണ് ലഭിച്ചത്. രാജസ്ഥാനിൽ നിന്നുള്ള ജാട്ട് നേതാവാണ് ധൻകർ. 2003ലാണ് ധൻകർ ബി.ജെ.പിയിലെത്തുന്നത്. ഇതിന് മുമ്പ് പശ്ചിമബംഗാൾ ഗവർണർപദം വഹിച്ചിരുന്നു.
കർഷകപുത്രനെന്ന് ബി.ജെ.പി വിശേഷിപ്പിക്കുന്ന ധൻഖർ രാജസ്ഥാനിൽ നിന്നുള്ള പ്രമുഖ ജാട്ട് നേതാവാണ്. സംസ്ഥാനത്ത് ജാട്ടുകൾക്ക് ഒ.ബി.സി പദവി നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്നു.
അഭിഭാഷകനായിരുന്ന ധൻഖർ 1989 മുതലാണ് സജീവ രാഷ്ട്രീയത്തിലേക്കിറങ്ങിയത്. ആ വർഷം തന്നെ രാജസ്ഥാനിലെ ഝുൻഝുനു മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക് വിജയിക്കുകയും അടുത്ത വർഷം കേന്ദ്രമന്ത്രിയാകുകയും ചെയ്തു.
രാജസ്ഥാൻ ഹൈകോടതിയിലും സുപ്രീംകോടതിയിലും പ്രാക്ടീസ് ചെയ്തിരുന്ന ധൻഖർ കേന്ദ്രമന്ത്രിയായ അതേ വർഷമാണ് മുതിർന്ന അഭിഭാഷകനായി സ്ഥാനക്കയറ്റം കിട്ടിയത്. 1993-98 കാലയളവിൽ കിഷൻഗഢ് മണ്ഡലത്തെ പ്രതിനിധാനം ചെയ്ത് രാജസ്ഥാൻ വിധാൻ സഭയിൽ അംഗമായിരുന്നു.