ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് കൂടിയ ഇടങ്ങളില്‍ കൊവിഡ് പ്രതിരോധം ശക്തമാക്കണം: മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍
എംഎല്‍എമാരുടെ നേതൃത്വത്തില്‍ മണ്ഡലം തല യോഗങ്ങള്‍ ചേരണം
ജില്ലയിലെ നെറ്റ്വര്‍ക്ക് പ്രശ്നങ്ങള്‍ക്ക് സമ്പൂര്‍ണ പരിഹാരം കണ്ടെത്തും
ജില്ലയിലെ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ സ്ഥലങ്ങളില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന് പ്രത്യേക നടപടികള്‍ സ്വീകരിക്കാന്‍ തദ്ദേശ സ്വയംഭരണ- എക്സൈസ് മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്കി. ഓണ്‍ലൈന്‍ പഠനത്തിലെ പ്രശ്നങ്ങള്‍, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, മഴക്കാല മുന്നൊരുക്കങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡിന്റെ രണ്ടാം തരംഗത്തെ ഒരു പരിധി വരെ വിജയകരമായി തരണം ചെയ്യാന്‍ നമുക്ക് സാധിച്ചിട്ടുണ്ടെങ്കിലും ജാഗ്രത കൈവിടാനാവില്ല.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ താഴേക്ക് കുറച്ചുകൊണ്ടുവരാനുള്ള നടപടികള്‍ സ്വീകരിക്കണം. പട്ടിക-ജാതി പട്ടിക വര്‍ഗ പ്രദേശങ്ങളിലുള്ളവര്ക്കിടയില് കൊവിഡ് പരിശോധനയും വാക്സിന് വിതരണവും ശക്തിപ്പെടുത്തുന്നതിന് നിലവിലുള്ള മൊബൈല്‍ സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും മന്ത്രി നിര്‍ദ്ദേശം നല്കി
ഓണ്‍ലൈന്‍ പഠനവുമായി ബന്ധപ്പെട്ട് ജില്ലയിലെ പട്ടികജാതി-പട്ടിക വര്‍ഗ കോളനികള്‍, മലയോര പ്രദേശങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ നെറ്റ്വര്‍ക്ക് പ്രശ്നങ്ങള്‍ പൂര്‍ണമായി പരിഹരിക്കും. ജില്ലയിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനം സാധ്യമാകുന്ന വിധത്തില്‍ ബിഎസ്എന്‍എല്‍ മുന്‍കൈയെടുത്ത് ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പുവരുത്തും.
കോളനികള്‍ ഉള്‍പ്പെടെ വൈദ്യുതി ഇല്ലാത്ത വീടുകളില്‍ വൈദ്യുതി കണക്ഷന് എത്രയും വേഗം നല്‍കാനും മന്ത്രി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്കി. ഓണ്‍ലൈന്‍ പഠനവുമായി ബന്ധപ്പെട്ട പഠനോപകരണങ്ങളുടെ ലഭ്യത തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൈയെടുത്ത് ഉറപ്പുവരുത്തണം. സ്കൂള്‍ തല സമിതികള്‍, പിടിഎ, പൂര്‍വ വിദ്യാര്‍ഥികള്‍, വ്യാപാര-വ്യവസായ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, വ്യക്തികള്‍, സാമൂഹ്യ സംഘടനകള്‍ തുടങ്ങി എല്ലാവരുടെയും സഹകരണത്തോടെ ഇവ ലഭ്യമാക്കണമെന്നും മന്ത്രി നിര്‍ദ്ദേശം നല്കി.
കൊവിഡ് പ്രതിരോധം, ഓണ്‍ലൈന്‍ പഠനം എന്നിവയുമായി ബന്ധപ്പെട്ട് എംഎല്‍എമാരുടെ നേതൃത്തില്‍ മണ്ഡലം തല യോഗങ്ങള്‍ വിളിച്ചു ചേര്‍ത്ത് ആവശ്യമായ ഏകോപനം സാധ്യമാക്കണമെന്നും മന്ത്രി പറഞ്ഞു.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലും കൊവിഡ് ഇതര രോഗങ്ങള്‍ക്കുള്ള മികച്ച ചികില്‍സ ജില്ലയിലെ മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്കി. ജില്ലയിലെ മുഴുവന്‍ പ്രദേശങ്ങളിലെയും നെറ്റ്വര്‍ക്ക് പ്രശ്നങ്ങള്‍ക്ക് മറ്റ് ഇന്റര്‍നെറ്റ് സേവന ദാതാക്കളുമായി സഹകരിച്ച് പരിഹാരം കാണുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി ബിഎസ്എന്‍എല്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എസ് വേണുഗോപാല്‍ അറിയിച്ചു. എത്രയും വേഗം അത് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.
ജൂണ്‍ 5, 6 തീയതികളില്‍ മഴക്കാല പൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി ജില്ലയിലുടനീളം മാതൃകാപരമായ ശുചീകരണ പ്രവര്‍ത്തനങ്ങളാണ് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജനകീയ പങ്കാളിത്തത്തോടെ നടന്നതെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ തുടര്‍ നടപടികള്‍ ഉണ്ടാവണം. ദേശീയപാതയിലേതുള്പ്പെടെ ഓടകള്‍ ശുചീകരിക്കുന്നതിനുള്ള പ്രവൃത്തികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ മന്ത്രി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്കി.
യോഗത്തില്‍ മേയര്‍ അഡ്വ. ടി ഒ മോഹനന്, ഡോ. വി ശിവദാസന്‍ എംപി, എംഎല്‍എമാരായ കെ കെ ശൈലജ ടീച്ചര്‍, രാമചന്ദ്രന് കടന്നപ്പള്ളി, കെ പി മോഹനന്, അഡ്വ. സണ്ണി ജോസഫ്, ടി ഐ മധുസൂദനന്, കെ വി സുമേഷ്, അഡ്വ. സജീവ് ജോസഫ്, എം വിജിന്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, കെ സുധാകരന് എംപിയുടെ പ്രതിനിധി ടി ജയകൃഷ്ണന്, തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്, സെക്രട്ടറിമാര്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.