തലശേരി ഫസല്‍ വധക്കേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്
കൊച്ചി:തലശേരി ഫസല്‍ വധക്കേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. വധിച്ചത് ആര്‍എസ്എസുകാരാണെന്ന വെളിപ്പെടുത്തലിലാണ് അന്വേഷണം. ഫസലിന്റെ സഹോദരനാണ് തുടരന്വേഷണ ആവശ്യവുമായി കോടതിയെ സമീപിച്ചത്.
2006 ഒക്ടോബറിലാണ് പത്രവിതരണക്കാരനായ ഫസല്‍ തലശേരി സെയ്ദാര്‍ പള്ളിക്ക് സമീപത്ത് വച്ച് കൊല്ലപ്പെടുന്നത്. സി പി എം പ്രവര്‍ത്തകനായിരുന്ന ഫസല്‍ പാര്‍ട്ടി വിട്ട് എന്‍ ഡി എഫില്‍ ചേര്‍ന്നതിലുളള എതിര്‍പ്പ് മൂലമാണ് കൊലപാതകമെന്നായിരുന്നു ആരോപണം.
ആര് എസ് എസ് പ്രചാരകന് ഉള്‍പ്പടെയുളളവര്‍ തലശേരിയില്‍ വച്ച് ഫസലിനെ കൊലപ്പെടുത്തി എന്നായിരുന്നു ആര് എസ് എസ് പ്രവര്ത്തകന് സുബീഷിന്റെ വെളിപ്പെടുത്തല്‍. സി പി എമ്മിന് കേസില്‍ ബന്ധമില്ലെന്നും താനടക്കം നാല് ആര് എസ് എസ് പ്രവര്‍ത്തകരാണ് ഫസലിനെ കൊലപ്പെടുത്തിയതെന്നുമാണ് ആര് എസ് എസ് പ്രവര്ത്തകന് സുബീഷിന്റെ കുറ്റസമ്മത മൊഴിയിലുള്ളത്.
ഫസല്‍ വധത്തിന് പിന്നില്‍ ആര് എസ് എസ് ആണെന്ന് സി പി എം തുടക്കം മുതല്‍ ആരോപിച്ചിരുന്നു. ഫസലിന്റെ ബന്ധുക്കളും കൊലപാതകത്തിലെ സി പി എം പങ്ക് നിഷേധിച്ചിരുന്നു.
കേസില്‍ സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജനും ഏരിയാ കമ്മിറ്റി അംഗം കാരായി ചന്ദ്രശേഖരനുമടക്കം എട്ട് പ്രതികളെയാണ് സി ബി ഐ അറസ്റ്റ് ചെയ്തത്