തിക്കും തിരക്കും വെടിവെയ്പും; കാബൂൾ വിമാനത്താവളം അടച്ചു

കാബൂൾ വിമാനത്താവളം അടച്ചു. തുടർന്ന് എയർ ഇന്ത്യ ഇന്ന് നടത്താനിരുന്ന സർവീസുകൾ റദ്ദാക്കി. കാബൂളിലേക്ക് ഉള്ള എല്ലാ വാണിജ്യ സർവീസുകളും റദ്ദാക്കി.

കാബൂളിൽ കുടുങ്ങിയ ഇന്ത്യക്കാരെ കൊണ്ടുവരാനായി നേരത്തെ അഫ്ഗാനിസ്ഥാനിലേക്ക് അടിയന്തരമായി എയർ ഇന്ത്യ വിമാനം പുറപ്പെടാൻ തീരുമാനമായിരുന്നു. ഡൽഹിയിൽ നിന്ന് രാത്രി 8.30 ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനം ഉച്ചയ്ക്ക് 12.30ന് കാബൂളിലേക്ക് പുറപ്പെടാനാണ് പുനഃക്രമീകരിച്ചിരുന്നത്. രണ്ട് വിമാനങ്ങള്‍ കൂടി തയാറാക്കി നിര്‍ത്താന്‍ എയര്‍ ഇന്ത്യക്ക് കേന്ദ്രസര്‍ക്കാര്‍ നിർദേശവും നല്‍കിയിരുന്നു.

കാബൂൾ-ഡൽഹി അടിയന്തര യാത്രയ്ക്ക് തയാറെടുത്തിരിക്കാൻ ജീവനക്കാർക്കും കേന്ദ്രസർക്കാർ നിർദേശം നൽകിയിരുന്നു. എന്നാൽ
കാബൂൾ വിമാനത്താവളം അടച്ചതോടെ അവിടെ കുടുങ്ങിയ ഇന്ത്യക്കാർക്ക് തിരികെയെത്താനുള്ള മാർ​ഗവും അടഞ്ഞു.

അതേസമയം രാജ്യം വിടാൻ എത്തിയവരുടെ തിക്കും തിരക്കും കാരണം കാബൂൾ വിമാനത്താവളത്തിൽ വെടിവെയ്പ് ഉണ്ടായതായി റിപ്പോർട്ട്. സംഭവത്തിൽ നിരവധി പേർക്ക് പരുക്കേറ്റതായും വാർത്തകളുണ്ട്. കാബൂൾ നഗരം താലിബാൻ പിടിച്ചെടുത്തതോടെ രാജ്യത്തുനിന്നും രക്ഷപ്പെടുത്തതിനായി ആളുകൾ കൂട്ടമായെത്തിയതാണ് സംഘർഷത്തിനിടയാക്കിയത്