തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം; ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്കി
കേരള നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ചെലവ് നിരീക്ഷണ സ്ക്വാഡുകളില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്കി. വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ കണ്ടെത്തി തടയല്‍, സി വിജില്‍ ആപ്പുവഴി ലഭിക്കുന്ന പരാതിയില്‍ നടപടി സ്വീകരിക്കല്‍, സോഷ്യല്‍ മീഡിയയില്‍ വരുന്ന പെയ്ഡ് ന്യൂസ് ഉള്‍പ്പെടെയുള്ളവ നിരീക്ഷിക്കല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കിയത്.
മണ്ഡലങ്ങളിലെ ഫ്ളൈയിങ് സ്കാഡുകള്‍, സ്റ്റാറ്റിക് സര്‍വയലന്‍സ് ടീമുകള്‍, വീഡിയോ സയലന്‍സ് ടീമുകള്‍ എന്നിവര്‍ക്കാണ് പരിശീലനം നല്‍കിയത്. ചെക്ക് പോസ്റ്റില്‍ പരിശോധന നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, പണം കൊണ്ട് പോകുന്ന വാഹനങ്ങളില്‍ മതിയായ രേഖകള്‍ ഇല്ലെങ്കില്‍ സ്വീകരിക്കേണ്ട നടപടികള്‍, ഏതൊക്കെ കാര്യങ്ങള്‍ സ്ഥാനാര്‍ഥിയുടെ ചെലവില്‍ ഉള്‍പ്പെടുത്തണം തുടങ്ങിയ കാര്യങ്ങളെ കുറിച്ചും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി.
കൊവിഡ് പശ്ചാത്തലത്തില്‍ രണ്ടു ഘട്ടങ്ങളിലായി ജില്ലാ പ്ലാനിങ് ഓഫീസ് ഹാളില്‍ നടത്തിയ പരിശീലനത്തിന് ഫിനാന്‍സ് ഓഫീസര്‍ കെ കുഞ്ഞമ്പു നായര്‍ നേതൃത്വം നല്കി. അക്കൗണ്ട്സ് ഓഫീസര്‍ കെ രാജേഷ്, റവന്യൂ ഇന്‍സ്പെക്ടര്‍ ഇ ബിജു, അസിസ്റ്റന്റ് എക്സ്പന്‍ഡീച്ചര്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ ക്ലാസുകളെടുത്തു.