നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വെള്ളിയാഴ്ച വരെ നിർത്തി വയ്ക്കാൻ ഇടക്കാല ഉത്തരവ്
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വെള്ളിയാഴ്ച വരെ നിർത്തി വയ്ക്കാൻ ഹൈക്കോടതി ഇടക്കാല ഉത്തരവ്. വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് നടി നൽകിയ ഹർജിയിൽ അവരുടെയും സർക്കാരിന്റെയും വാദം കേട്ട ശേഷമാണ് വിചാരണ നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
മഞ്ജു വാര്യരുടെ മൊഴി കോടതി രേഖപ്പെടുത്തിയില്ല. ആക്രമണത്തിനിരയായ നടിയുടെ മൊഴി രേഖപ്പെടുത്തുന്നതിലും കോടതിക്ക് വീഴ്ച സംഭവിച്ചുവെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.
നടിയെ മോശമായി ചിത്രീകരിക്കുന്ന രീതിയിൽ ചോദ്യങ്ങൾ ചോദിക്കാൻ വിചാരണക്കോടതി അനുവദിച്ചെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു.
നടിയെ 20ൽ ഏറെ അഭിഭാഷകരുടെ സാന്നിധ്യത്തിൽ മണിക്കൂറുകളോളം ക്രോസ് വിസ്താരം ചെയ്തു ബുദ്ധിമുട്ടിച്ചു. പ്രതി ദിലീപ്, നടി മഞ്ജു വാര്യരെ മകൾ വഴി മൊഴി മാറ്റിപ്പറയാൻ സ്വാധീനിക്കാൻ ശ്രമിച്ചതായി കോടതിയിൽ അറിയിച്ചിട്ടും അത് രേഖപ്പെടുത്തിയില്ല.
നടിയെ പച്ചയ്ക്ക് കത്തിക്കുമെന്നു പ്രതി മറ്റൊരു നടിയോട് പറഞ്ഞ വിവരം തന്നെ അറിയിച്ചിരുന്നു. ഇക്കാര്യം കോടതിയിൽ പറഞ്ഞിട്ടും കേട്ടുകേൾവി മാത്രമാണെന്ന് പറഞ്ഞ് രേഖപ്പെടുത്താൻ തയാറായില്ല. നടിയുടെയും സാക്ഷികളുടെയും മൊഴികൾ രേഖപ്പെടുത്തുന്നതിലും വിചാരണക്കോടതി വീഴ്ചവരുത്തിയതിനാൽ വിചാരണക്കോടതി മാറ്റണമെന്ന നിലപാടാണുള്ളതെന്ന് സർക്കാർ കോടതിയിൽ അറിയിച്ചിരുന്നു.