നാല് ചക്രങ്ങളില്‍ ഒന്നില്ലാതെ ബസ് ഓടിച്ചതിനു കെഎസ്ആര്‍ടിസി ഏഴു ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു.
പാലക്കാട്: പിന്നിലെ നാല് ചക്രങ്ങളില്‍ ഒന്നില്ലാതെ ബസ് ഓടിച്ചതിനു നിലമ്പൂർ കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഏഴു ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു.ഡ്രൈവര്‍ കെ സുബ്രഹ്മണ്യന്, ടയര്‍ ഇന്‍സ്പെക്ടര്‍ എന്‍ അബ്ദുള്‍ അസീസ്, മെക്കാനിക്കുമാരായ കെ പി സുകുമാരന്‍, കെ അനൂപ്, കെ ടി അബ്ദുള്‍ഗഫൂര്‍, ഇ രഞ്ജിത്കുമാര്‍, എ പി ടിപ്പു മുഹ്സിന് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഗുരുതരമായ കൃത്യവിലോപവും അച്ചടക്കലംഘനവും നടത്തിയതിനാണ് നടപടി.
2021 ഒക്ടോബര്‍ ഏഴിന് രാവിലെ ആറുമണിക്ക് കോഴിക്കോട്ടേക്കു പുറപ്പെട്ട ബസിന്റെ പിന്നില്‍ വലതുഭാഗത്ത് രണ്ടു ടയറുകളും ഇടതുഭാഗത്ത് ഒരു ടയറും മാത്രമാണുണ്ടായിരുന്നത്. യാത്രയ്ക്കിടെ പിറകില്‍നിന്ന് വലിയ ശബ്ദംകേട്ട് ഡ്രൈവറും കണ്ടക്ടറും പരിശോധിച്ചപ്പോഴാണ് പിഴവ് കണ്ടത്. റൂട്ടില്‍ ആ സമയത്ത് വേറെ സര്‍വീസ് ഇല്ലാത്തതിനാല്‍ യാത്രക്കാര്‍ക്ക് പണം തിരികെ നല്‍കേണ്ടിവന്നു.
സംഭവം നടന്നതിന്റെ തലേദിവസം ഡിപ്പോയിലെ വര്‍ക്ഷോപ്പിലായിരുന്നു ഈ ബസ്. ബസിന്റെ സ്പ്രിങ്സെറ്റ് ക്രമീകരിക്കണമെന്ന് ഡ്യൂട്ടി ചാര്ജ്മാന് മെക്കാനിക്കുകള്‍ക്ക് നിര്‍ദേശം നല്കി. മെക്കാനിക്കുകള്‍ അതനുസരിച്ച് ജോലിചെയ്തെങ്കിലും ചാര്ജ്മാന് ബസിന്റെ ലോഗ്ഷീറ്റ് വാങ്ങി ജോലി രേഖപ്പെടുത്തുകയോ അതിനുള്ള നിര്‍ദേശം മെക്കാനിക്കുകള്‍ക്കു നല്‍കുകയോ ചെയ്തില്ല. സ്പ്രിങ്സെറ്റ് ക്രമീകരിച്ച വിവരം ലോഗ്ഷീറ്റില്‍ രേഖപ്പെടുത്തിയില്ല.
ടയര്‍ ഊരി മറ്റൊരു ബസിനിടാന്‍ നിര്‍ദേശിച്ച ടയര്‍ ഇന്‍സ്പെക്ടറും ഇതേക്കുറിച്ച് തിരക്കിയില്ല. ബസ് ഓടിച്ചുനോക്കി സര്‍വീസിനു യോഗ്യമാണോ എന്നു പരിശോധിക്കേണ്ട വെഹിക്കിള്‍ സൂപ്പര്‍വൈസറുടെ ചുമതലവഹിച്ച ഡ്രൈവറും ഇക്കാര്യങ്ങള്‍ വേണ്ടവിധം നോക്കിയില്ല. ഇന്‍സ്പെക്ടര്‍ സി ബാലന് നല്കിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.