പയ്യന്നൂര്‍ താലൂക്കാശുപത്രിയില്‍ കൊവിഡ് വാര്‍ഡ് പ്രവര്‍ത്തനം തുടങ്ങി

പയ്യന്നൂര്‍ താലൂക്കാശുപത്രിയില്‍ സജ്ജമാക്കിയ കൊവിഡ് വാര്‍ഡ് ടി ഐ മധുസൂദനന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. പയ്യന്നൂര്‍ നഗരസഭയുടെ നേതൃത്വത്തില്‍ കൊവിഡ് രോഗികള്‍ക്കായി 20 ഓക്‌സിജന്‍ ബെഡുകളാണ് ഇവിടെ ഒരുക്കിയത്. 10 കിടക്കകളോടുകൂടിയ ഡയാലിസിസ് സൗകര്യവും ആശുപത്രിയില്‍ സജ്ജമാക്കി.
ആശുപത്രി ജീവനക്കാരും യുവജന സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്നാണ് കോവിഡ് വാര്‍ഡ് സജ്ജീകരിച്ചത്. താലൂക്കാശുപത്രി ജീവനക്കാരോടൊപ്പം എന്‍എച്ച്എം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊവിഡ് ബ്രിഗേഡിന്റെ ഭാഗമായുള്ള ജീവനക്കാരുടെ സേവനവും ഇവിടെ ലഭ്യമാക്കും.


നഗരസഭ വൈസ് ചെയര്‍മാന്‍ പി വി കുഞ്ഞപ്പന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ വി വി സജിത, ടി വിശ്വനാഥന്‍, താലൂക്കാശുപത്രി ഡോക്ടര്‍മാരായ നിസാര്‍, സുനിത മേനോന്‍, ജലീല്‍, നഴ്‌സിംഗ് സൂപ്രണ്ട് മേരിക്കുട്ടി, പിആര്‍ഒ ജാക്‌സണ്‍ ഏഴിമല, ഹെഡ് നഴ്‌സുമാരായ സനൂജ, ബിന്ദു എന്നിവര്‍ പങ്കെടുത്തു.