പിതാവ് ഗര്‍ഭിണിയാക്കിയ 10 വയസ്സുകാരിയുടെ കുഞ്ഞിനെ പുറത്തെടുക്കാമെന്ന് ഹൈക്കോടതി
കൊച്ചി: പിതാവ് ഗര്‍ഭിണിയാക്കിയ 10 വയസ്സുകാരിയുടെ കുഞ്ഞിനെ പുറത്തെടുക്കാമെന്ന് ഹൈക്കോടതി. കുട്ടി ജനിക്കുന്നത് മകളുടെ ആരോഗ്യത്തിനും ജീവനും ഭീഷണിയാണെന്ന് കാണിച്ച് ഗര്‍ഭഛിദ്രത്തിനായി മാതാവ് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.
കുഞ്ഞിനെ പുറത്തെടുക്കുമ്പോള്‍ ജീവനുണ്ടെങ്കില്‍ ആശുപത്രി അധികൃതരും ബന്ധപ്പെട്ടവരും ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കണമെന്നു ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന് നിര്‍ദേശിച്ചു. പത്തുവയസ്സുള്ള പെണ്‍കുട്ടിക്ക് ഉണ്ടാകാന്‍ സാധ്യതയുള്ള ആരോഗ്യ സങ്കീര്‍ണതകളും കോടതി പരിഗണിച്ചു. 10വയസ്സുകാരിയുടെ അമ്മയുടെ ഹര്‍ജിയില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി മെഡിക്കല്‍ ബോര്‍ഡിനോട് നിര്‍ദേശം തേടിയിരുന്നു.
ഗര്‍ഭം 31 ആഴ്ച പിന്നിട്ടെന്നും ശസ്ത്രക്രിയലൂടെയുള്ള പ്രസവം വേണ്ടിവരുമെന്നും കോടതി നിര്‍ദേശപ്രകാരം രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്കി. കുഞ്ഞിനെ ജീവനോടെ പുറത്തെടുക്കാന്‍ 80% സാധ്യതയുണ്ടെന്നും നവജാതശിശുക്കള്‍ക്കുള്ള തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കേണ്ടിവരുമെന്നും ബോര്‍ഡ് അറിയിച്ചു. തുടര്‍ന്നാണ് ഗര്‍ഭഛിദ്രത്തിന് കോടതി അനുമതി നല്‍കിയത്. 24 ആഴ്ച വരെ വളര്‍ച്ചയുള്ള ഗര്‍ഭഛിദ്രത്തിനാണ് നിയമപ്രകാരം അനുമതിയുള്ളത്. കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ മാതാവ് ഹൈക്കോടതിയെ സമീപിച്ചത്.