പൊലീസ് ഇന്‍സ്പെക്ടറെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ അടക്കം നാലുപേര്‍ പിടിയില്‍.

ചെന്നൈ: പുതുക്കോട്ടയില്‍ ആടുമോഷ്ടാക്കളെ പിന്തുടര്‍ന്ന പൊലീസ് ഇന്‍സ്പെക്ടറെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ അടക്കം നാലുപേര്‍ പിടിയില്‍.പത്തും പതിനേഴും വയസ്സുള്ള കുട്ടികളും പിടിയിലായവരില്‍ ഉള്‍പ്പെടുന്നതായി പൊലീസ് അറിയിച്ചു. അറസ്റ്റിലായവരില്‍ ഒരു 19 കാരനും ഉള്‍പ്പെടുന്നു.

പുതുക്കോട്ടയിലെ കീരനൂരിനടുത്ത് കളമാവൂര്‍ റെയില്‍വേ ഗേറ്റിന് സമീപം ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. തിരുച്ചിറപ്പള്ളി നാവല്‍പ്പട്ട് പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ സി ഭൂമിനാഥന്‍ ആണ് (50) കൊല്ലപ്പെട്ടത്. ബൈക്ക് പട്രോളിങ്ങിനിടെയാണ് നാവല്‍പ്പട്ടിനു സമീപം രാത്രി രണ്ടുപേര്‍ ഇരുചക്ര വാഹനത്തില്‍ ആടിനെ മോഷ്ടിച്ചുപോകുന്നത് കാണുന്നത്.

പ്രദേശത്ത് ആടുമോഷണം പതിവായതിനാല്‍ ഇവരെ പിടികൂടാന്‍ ഭൂമിനാഥനും മറ്റൊരു പൊലീസുകാരനും ബൈക്കില്‍ രണ്ടുവഴികളിലായി പിന്തുടര്‍ന്നു. വേഗത്തില്‍പ്പോയ മോഷ്ടാക്കള്‍ തിരുച്ചിറപ്പള്ളി കടന്ന് പുതുക്കോട്ട ജില്ലയിലേക്ക് കടന്നു. പിന്തുടര്‍ന്ന ഭൂമിനാഥന്‍ കീരനൂരിനടുത്തുവെച്ച്‌ ഇവരെ പിടികൂടി.

ഇതിനിടെ മോഷ്ടാക്കള്‍ മാരകായുധങ്ങളെടുത്ത് എസ് ഐയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് പ്രതികള്‍ രക്ഷപ്പെട്ടു. പൊലീസെത്തുമ്ബോള്‍ വെട്ടേറ്റ് മരിച്ചുകിടക്കുന്ന ഭൂമിനാഥനെയാണ് കാണുന്നത്. തുടര്‍ന്ന് പ്രതികളെ പിടികൂടാന്‍ നാല് പ്രത്യേക സംഘം രൂപവത്കരിച്ച്‌ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കുകയായിരുന്നു.

എസ്‌ഐ ഭൂമിനാഥന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. കൊല്ലപ്പെട്ട ഭൂമിനാഥന് ഭാര്യയും കോളേജ് വിദ്യാര്‍ഥിയായ മകനുമുണ്ട്. കുടുംബത്തിന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഒരുകോടി രൂപ സഹായധനം പ്രഖ്യാപിച്ചു. കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.