പോഷകാഹാരക്കുറവ് കാമ്പയിന് 12 ശക്തിപ്പെടുത്തണം; ആരോഗ്യ മന്ത്രി
സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി പോഷകാഹാരക്കുറവ് പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന കാമ്പയിന് 12 ജില്ലയില്‍ ശക്തിപ്പെടുത്താന്‍ വനിതാ ശിശു വികസന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ നിര്‍ദ്ദേശം നല്കി.
രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് 12 ആയി ഉയര്‍ത്തി വിളര്‍ച്ച രോഗം തടയുകയാണ് കാമ്പയിന് 12ലൂടെ ലക്ഷ്യമിടുന്നത്. കുട്ടികള്‍, ഗര്‍ഭിണികള്‍, ആദിവാസികള്‍ തുടങ്ങിയവരില്‍ ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും മന്ത്രി നിര്‍ദ്ദേശം നല്കി. സാമൂഹ്യനീതി, വനിതാ ശിശുവികസന വകുപ്പുകളുടെ കീഴില്‍ ജില്ലയില്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
പാവപ്പെട്ടവരില്‍ മാത്രമല്ല, സമ്പന്ന കുടുംബങ്ങളിലെ കുട്ടികളിലും പോഷകാഹാരക്കുറവ് മൂലമുള്ള വിളര്‍ച്ച കണ്ടുവരുന്നുണ്ട്. മാംസം, മല്‍സ്യം എന്നിവയ്ക്കൊപ്പം ഇലക്കറികള്‍, പയര്‍ വര്‍ഗങ്ങള്‍, പഴവര്‍ഗങ്ങള്‍ തുടങ്ങിയവ ധാരാളമായി ഭക്ഷണസാധനങ്ങളില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് മാത്രമേ ഇത് പരിഹരിക്കാനാവൂ. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ ശിശുമരണനിരക്ക് 12ല്‍ നിന്ന് ഏഴിലേക്കും മാതൃമരണ നിരക്ക് 67ല്‍ നിന്ന് 43ലേക്കും കുറച്ചുകൊണ്ടുവരാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്.
എന്നാല്‍ അനീമിയയുടെ കാര്യത്തില്‍ കാര്യമായ നേട്ടം കൈവരിക്കാന്‍ സാധിച്ചിട്ടില്ല. ഇത് പരിഹരിക്കുന്നതിനാവശ്യമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് വകുപ്പ് നേതൃത്വം നല്‍കണം. ബ്ലോക്ക് തലത്തില്‍ ആരംഭിച്ച ന്യൂട്രീഷ്യന്‍ ക്ലിനിക്കുകളുടെ പ്രവര്‍ത്തനം കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാനാവണമെന്നും മന്ത്രി പറഞ്ഞു.
ജില്ലയില്‍ സ്വന്തമായി കെട്ടിടമില്ലാത്ത മുഴുവന്‍ അങ്കണവാടികള്‍ക്കും പുതിയ കാലത്തിനനുസരിച്ചുള്ള സ്മാര്‍ട്ട് കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ പദ്ധതി ആവിഷ്ക്കരിക്കണമെന്നും മന്ത്രി പറഞ്ഞു. സ്വന്തമായി സ്ഥലം ഇല്ലാത്ത ഇടങ്ങളില്‍ സ്ഥലം കണ്ടെത്തുന്നതിന് ജില്ലാ കലക്ടറും ജനപ്രതിനിധികളും ഉള്‍പ്പെടെയുള്ളവരുമായി ബന്ധപ്പെട്ട് ശ്രമങ്ങള്‍ നടത്തണം. പുതിയ കെട്ടിടം നിര്‍മിക്കുന്നതിനുള്ള പദ്ധതി തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികളില്‍ ഉള്‍പ്പെടുത്താന്‍ ഇടപെടല്‍ നടത്തണം.
തെരുവുകളില്‍ കഴിയുന്ന കുട്ടികളെ കണ്ടെത്തി പുനരധിവസിപ്പിക്കുന്നതിനുള്ള ശരണബാല്യം പദ്ധതിയിലെ ടാസ്ക് ഫോഴ്സ് ജില്ലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. കുട്ടികളെ ഏറ്റെടുത്ത് സംരക്ഷിക്കുന്ന ഫോസ്റ്റര്‍ കെയര്‍ പദ്ധതിയിലും ആവശ്യമായ മേല്‍നോട്ടം വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാവണം. ശിശുക്ഷേമ സമിതി, ചൈല്‍ഡ് ലൈന്‍ എന്നിവയുമായി സഹകരിച്ച് കുട്ടികളുടെ അവകാശങ്ങള്‍ പൂര്‍ണമായും സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രി പറഞ്ഞു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റ രീതിയില്‍ നടക്കുന്നുവെന്ന് ഉറപ്പാക്കണം. വിധവകള്‍, വയോജനങ്ങള്‍, ഭിന്നലിംഗക്കാര്‍ തുടങ്ങിയവരുമായി ബന്ധപ്പെട്ട് ജില്ലയില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളും യോഗം വിലയിരുത്തി.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അധ്യക്ഷനായി. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ എല്ലാ ട്രാന്‍സ്ജെന്‍ഡര്‍മാരും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്കി. ഭിന്നശേഷിക്കാരും വയോജനങ്ങളുമായ വോട്ടര്‍മാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് സൗകര്യം പരിഗണിക്കുന്ന സാഹചര്യത്തില്‍ ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തുന്നതിനായി അവരുടെ കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
എഡിഎം ഇ പി മേഴ്സി, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ പി നാരായണന്, ജില്ലാ ശിശുവികസന ഓഫീസര്‍ പി ഡീന ഭരതന്, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ കെ വി രജിഷ, വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ പി സുലജ, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് എം അഞ്ജു, ഐസിഡിഎസ് പ്രോഗ്രാം ഓഫീസര്‍ പി ജി മഞ്ജു തുടങ്ങിയവര്‍ പങ്കെടുത്തു.