മര്‍ദനത്തിന് ഇരയായ രണ്ടര വയസുകാരിയുടെ തലച്ചോറിലേക്ക് രക്തസ്രാവം കുറഞ്ഞതായി മെഡിക്കല്‍ ബുള്ളറ്റിന്‍
മര്‍ദനത്തിന് ഇരയായ രണ്ടര വയസുകാരിയുടെ തലച്ചോറിലേക്ക് രക്തസ്രാവം കുറഞ്ഞതായി ലക്ഷണങ്ങള്‍ കണ്ടുവെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. കുട്ടി വെന്റിലേറ്ററില്‍ തുടരുന്നതായും എംഒഎസ്‌സി മെഡിക്കല്‍ മിഷന്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.
നട്ടെല്ലില്‍ സുഷുമ്‌നാ നാഡിയ്ക്ക് മുന്‍പില്‍ രക്തസ്രാവം ഉള്ളതായി സ്ഥിരീകരിച്ചു. എംആര്‍ഐ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ അപസ്മാരം ഉണ്ടായിട്ടില്ലെന്നത് ആശ്വാസം പകരുന്നുണ്ട്.
ശരീരോഷ്മാവും ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും സാധാരണ നിലയിലേക്കെത്തി. തലച്ചോറിലെ നീര്‍ക്കെട്ട് കുറയാനും അപസ്മാരം വരാതിരിക്കാനുമുള്ള മരുന്നുകള്‍ നല്‍കിയുള്ള ചികിത്സ തുടരുന്നുവെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.
അതേസമയം മുതുകില്‍ തീപൊള്ളലേറ്റിട്ടുണ്ടെന്നും തല മുതല്‍ കാല്‍പാദം വരെ മുറിവുണ്ടെന്നും അമ്മയുടെ മൊഴി വിശ്വാസമല്ലെന്നും പൊലീസ്. മുറിവുകള്‍ 10 ദിവസം പഴക്കമുള്ളതെന്ന് കമ്മിഷണര്‍ സി.എച്ച്.നാഗരാജു പറഞ്ഞു. പൊള്ളലേറ്റത് കത്തിയ കുന്തിരക്കം വാരിയെറിഞ്ഞപ്പോഴെന്ന് അമ്മ മൊഴി നല്‍കി. അമ്മയുടെ സഹോദരിയേയും ഭര്‍ത്താവിനേയും കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നും പൊലീസ്. കുടുംബത്തിന്റെ മുഴുവന്‍ പശ്ചാത്തലവും ദുരൂഹത നിറഞ്ഞതെന്ന് കമ്മിഷണര്‍ സി.എച്ച്.നാഗരാജു പറഞ്ഞു.