മാധ്യമ പ്രവര്‍ത്തകന്‍ എസ് വി പ്രദീപ് വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ ലോറി ഡ്രൈവര്‍ അറസ്റ്റില്‍

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ എസ് വി പ്രദീപ് വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ ലോറി ഡ്രൈവര്‍ ജോയി അറസ്റ്റില്‍. അപകടത്തിന് ഇടയാക്കിയ ലോറിയും പൊലീസ് പിടിച്ചെടുത്തു.

ഈ​ഞ്ചക്കല്‍ ഭാഗത്തിനിന്നാണു ലോറി കണ്ടെത്തിയത്. വെള്ളായണിയില്‍ ലോ‍ഡ് ഇറക്കാന്‍ പോകുമ്പോഴാണ് അപകടമെന്ന് ഡ്രൈവര്‍ മൊഴി നല്‍കി.

തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നരമണിയോടെ തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തില്‍ വച്ചാണ് അപകടം ഉണ്ടായത്. വണ്‍വേയില്‍ സഞ്ചരിച്ചിരുന്ന പ്രദീപിനെ ഇടിച്ചിട്ട ശേഷം കടന്നുകളയുകയായിരുന്നു.

വാഹനത്തിന്റെ പിന്‍ചക്രം കയറിയിറങ്ങിയാണ് പ്രദീപ് മരിച്ചത്. സംഭവത്തിന് പിന്നാലെ മരണത്തില്‍ നാട്ടുകാര്‍ ദുരൂഹത ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഫോര്‍ട്ട് എസിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ട്രാഫിക് സിസിടിവി ഇല്ലാത്ത സ്ഥലം ആയിരുന്നതിനാല്‍ വാഹനം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. സമീപത്തെ കടയിലെ സിസിടിവി ദൃശ്യം മാത്രമാണ് പൊലീസിന് കിട്ടിയിരുന്നത്.

നിലവില്‍ ഇയാളെ എസിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു വരികയാണ്.