മെയ് മാസത്തോടെ കണ്ണൂര്‍ ജില്ലയില്‍ 5000 പേര്‍ക്ക് ഭൂമി നല്‍കും: മന്ത്രി കെ രാജന്
രണ്ടാം പിണറായി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷിക ദിനമായ മെയ് 20 ഓടെ കണ്ണൂര്‍ ജില്ലയില്‍ 5000 പേര്‍ക്ക് ഭൂമി നല്‍കുമെന്ന് റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജന് പറഞ്ഞു. ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നൂറ് ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി തളിപ്പറമ്പില്‍ തളിപ്പറമ്പ്, കണ്ണൂര്‍ താലൂക്ക്തല പട്ടയ മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തിലെ ആദ്യ സെറ്റില്‍മെന്റ് നിയമം സര്‍ക്കാര്‍ കൊണ്ടുവരും. ഭൂരഹിതര്‍ക്ക് പട്ടയം നല്കാന് തടസ്സമായ ചട്ടങ്ങളില്‍ മാറ്റം വരുത്തണമെങ്കില്‍ നിയമ നിര്‍മ്മാണം നടത്തി മാറ്റം വരുത്തും. മിച്ചഭൂമി സാധാരണക്കാരന് പതിച്ചു നല്കാനുള്ളതാണ്. തളിപ്പറമ്പ് മൊറാഴയിലെ 162 കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കുന്നതിന്റെ നടപടികള്‍ അവസാന ഘട്ടത്തിലാണെന്നും മന്ത്രി കെ രാജന് പറഞ്ഞു.
കണ്ണൂര്‍ കോര്പ്പറേഷന് അസൈന്മെന്റ് പട്ടയം എട്ട്, ദേവസ്വം പട്ടയം 85 (തളിപ്പറമ്പ് ഡിവിഷന് 50, കണ്ണൂര്‍ ഡിവിഷന് 25, തലശ്ശേരി, ഇരിട്ടി 10), ലക്ഷം വീട് പട്ടയം 46 (കണ്ണൂര്‍ താലൂക്ക് 34, തളിപ്പറമ്പ് താലൂക്ക് 12), മിച്ചഭൂമി പട്ടയം ഒന്ന് എന്നിങ്ങനെ 140 പട്ടയങ്ങളാണ് ഇവിടെ വിതരണം ചെയ്തത്. ഇതില്‍ 23 പേരുടെ പട്ടയം ചടങ്ങില്‍ വിതരണം ചെയ്തു.
തദ്ദേശ സ്വയംഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍ അധ്യക്ഷനായി. പി സന്തോഷ് കുമാര്‍ എം പി വിശിഷ്ട സാന്നിധ്യമായി. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എം കൃഷ്ണന്, കൗണ്‍സിലര്‍ മുഹമ്മദ് നിസാര്‍, വിവിധ രാഷട്രീയ കക്ഷി നേതാക്കളായ ടി ബാലകൃഷ്ണന്, എം വി രവീന്ദ്രന്, വി വി കണ്ണന്, സി പി വി അബ്ദുള്ള, രമേശന് ചെങ്ങൂനി, ഷോണി അറക്കല്‍, നാസര്‍ കുറുമാത്തൂര്‍, അനില്‍ പുതിയ വീട്ടില്‍ എന്നിവര്‍ പങ്കെടുത്തു.
ജില്ലാ കളക്ടര്‍ എസ് ചന്ദ്രശേഖര്‍ സ്വാഗതവും ആര് ഡി ഒ ഇ പി മേഴ്സി നന്ദിയും പറഞ്ഞു.