രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ഗുലാം നബി ആസാദിന്റെ പേര് നിര്‍ദേശിച്ചതായി റിപ്പോര്‍ട്ട്.

ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ഗുലാം നബി ആസാദിന്റെ പേര് ശരദ് പവാര്‍ നിര്‍ദേശിച്ചതായി റിപ്പോര്‍ട്ട്.രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത സ്ഥാനാര്‍ത്ഥി ആകണമെന്ന് ആവശ്യപ്പെട്ട് ഇടതു നേതാക്കളായ സീതാറാം യെച്ചൂരിയും ഡി രാജയും പവാറിനെ കണ്ടിരുന്നു. എന്നാല്‍ താന്‍ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകാന്‍ ഇല്ലെന്ന് ശരദ് പവാര്‍ ഇടതുനേതാക്കളെ അറിയിച്ചു.

പകരം ഗുലാം നബി ആസാദിന്റെ പേര് നിര്‍ദേശിക്കുകയായിരുന്നു എന്നാണ് വിവരം. എന്‍സിപി അധ്യക്ഷനും മുതിര്‍ന്ന നേതാവുമായ ശരദ് പവാറിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ അഭിപ്രായ സമന്വയം രൂപപ്പെട്ടിരുന്നു. പവാറിനെ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികള്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.