റംസാന് ആഘോഷങ്ങള്‍ ഹരിത ചട്ടം പാലിച്ച്
ഇത്തവണത്തെ റംസാന് ആഘോഷങ്ങള്‍ പൂര്‍ണമായും ഹരിത പെരുമാറ്റച്ചട്ടമനുസരിച്ച് നടത്തും . പ്ലാസ്റ്റിക് ഫ്രീ കണ്ണൂര്‍, വലിച്ചെറിയല്‍ മുക്ത ക്യാമ്പയിന് എന്നിവയുടെ ഭാഗമായി ജില്ലാ കലക്ടര്‍ വിളിച്ചു ചേര്‍ത്ത വിവിധ സംഘടനാ ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ വര്‍ഷം ഇത്തരം ഇടപെടലുകളിലൂടെ കാര്യമായ ഫലമുണ്ടായതായി കലക്ടര്‍ വ്യക്തമാക്കി. ഇത്തവണത്തെ മഴക്കാലപൂര്‍വ്വ ശുചീകരണ കാമ്പയിന് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശ പ്രകാരം കൃത്യമായ സമയക്രമ പട്ടിക അനുസരിച്ചാണ് നടത്തുതെന്ന പ്രത്യേകതയുമുണ്ട്്.
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് വസ്തുക്കളും ഡിസ്പോസിബിള്‍ വസ്തുക്കളും ഉള്‍പ്പെടെ ഒഴിവാക്കുക, മാലിന്യങ്ങളും ചപ്പ് ചവറുകളും കടലാസുകളും കത്തിക്കുന്നത് ഒഴിവാക്കുക, മാലിന്യങ്ങള്‍ വലിച്ചെറിയുന്ന പ്രവണത അവസാനിപ്പിക്കുക, മാലിന്യങ്ങള്‍ തരം തിരിച്ച് സൂക്ഷിക്കാന്‍ സ്ഥാപനങ്ങളില്‍ ബിന്നുകള്‍ സ്ഥാപിക്കുക, തുടങ്ങിയ ഹരിത പെരുമാറ്റ രീതികളും മഹല്ലുകളില്‍ നടപ്പാക്കാന്‍ ശ്രമിക്കുമെന്ന് സംഘടനാ നേതാക്കള്‍ ഉറപ്പ് നല്കി. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പൊതു ഇടങ്ങള്‍ ശുചീകരിക്കുന്ന ക്യാമ്പയിനുകള്‍ ഏറ്റെടുക്കാമെന്നും സംഘടനാ നേതാക്കള്‍ യോഗത്തെ അറിയിച്ചു.
യോഗത്തില്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ അധ്യക്ഷത വഹിച്ചു. ഹരിത കേരളം ജില്ല മിഷന് കോ ഓഡിനേറ്റര്‍ ഇ കെ സോമശേഖരന്‍, ശുചിത്വ മിഷന് ജില്ല കോ ഓഡിനേറ്റര്‍ കെ എം സുനില്‍ കുമാര്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രതിനിധികള്‍ ചുഴലി മുഹയ്ദീന് ബാഖവി, എ ടി കെ ദാരിമി, കേരള നദുവത്തുല്‍ മുജാഹിദി പ്രതിനിധികള്‍ എ അബ്ദുല്‍ സത്താര്‍, കെ നിസാമുദീന്‍, കേരള മുസ്ലിം ജമാ അത്ത് പ്രതിനിധി ഹമീദ് ചൊവ്വ, ജമാ അത്ത ഇസ്ലാമി പ്രതിനിധി സി കെ അബ്ദുല്‍ ജബ്ബാര്‍, അഹമ്മദീയ മുസ്ലിം ജമാ അത്ത് പ്രതിനിധി സി നസറുദീന്‍ എന്നിവർ യോഗത്തില്‍ പങ്കെടുത്തു.