റാബീസ് വാക്സീൻ കേരളത്തിൽ ഉൽപാദിപ്പിക്കും.മന്ത്രി ജെ.ചിഞ്ചുറാണി

പേവിഷ ബാധയ്ക്കെതിരെ മനുഷ്യർക്കും മൃഗങ്ങൾക്കുമുള്ള വാക്സീനുകൾ കേരളത്തിൽ ഉൽപാദിപ്പിക്കുന്നതിനെപ്പറ്റി ചർച്ച നടത്തി വരികയാണെന്ന് മൃഗ സംരക്ഷണ മൃഗശാലാ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. കൂത്തുപറമ്പ് നഗരസഭ ഗവ.വെറ്ററിനറി ഹോസ്പിറ്റലിന്റെ ഒന്നാം നില ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
മനുഷ്യർക്കും മൃഗങ്ങൾക്കും വിദഗ്ധ ചികിത്സ കൊടുക്കാനുള്ള സംവിധാനം കേരളത്തിൽ ഉണ്ട്. എന്നാൽ പേ വിഷ ബാധയ്ക്കുള്ള മരുന്നുകൾ പുറത്തു നിന്നും കൊണ്ടുവരേണ്ട അവസ്ഥയാണിന്ന്. ഈ സ്ഥിതി മാറണം. അവർ പറഞ്ഞു.
ക്ഷീര കർഷകരെ ആത്മാർത്ഥമായി സഹായിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ക്ഷീര കർഷകർക്ക് വെറ്ററിനറി ഡോക്ടർമാരുടെ സേവനം സമയബന്ധിതമായി ലഭ്യമാകുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുമെന്നും മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു.
സംസ്ഥാന മൃഗസംരക്ഷണ വകുപ്പും കൂത്തുപറമ്പ് നഗരസഭയും ചേർന്ന് അനുവദിച്ച 19 ലക്ഷം രൂപ ചെലവഴിച്ചാണ് മൃഗാശുപത്രി കെട്ടിടം നിര്‍മ്മിച്ചത്. ആധുനിക സൗകര്യങ്ങളോടുകൂടിയ കോണ്‍ഫറന്‍സ് ഹാള്‍, എസ്എല്‍ബിപി ഓഫീസ്, സ്റ്റോക്ക് റൂം എന്നിവയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

കൂത്തു പറമ്പ് നഗരസഭാധ്യക്ഷ വി സുജാത ടീച്ചർ അധ്യക്ഷയായി.  ക്ഷീര കര്‍ഷകരെയും ക്ഷീരകര്‍ഷകരുടെ മക്കളില്‍ വിവിധ പരീക്ഷകളില്‍ ഉന്നതവിജയികളായവരെയും ഡോ വി ശിവദാസന്‍ എം പി ആദരിച്ചു. കൂത്തുപറമ്പ് നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ലിജി സജേഷ്, കെ വി രജീഷ്, കെ അജിത, കെ കെ ഷമീര്‍, എം വി ശ്രീജ, കൗണ്‍സിലര്‍ ആര്‍ ഹേമലത, ജില്ലാ മൃഗ സംരക്ഷണ ഓഫീസർ എം പി ഗിരീഷ് ബാബു, എസ്എല്‍ബിപി ഡപ്യൂട്ടിഡയറക്ടര്‍ ഡോ കെ പി സുനില്‍ കുമാര്‍, സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ സി പി ധനഞ്ജയന്‍, നഗരസഭ എഞ്ചിനീയർ കെ വിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു.