ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കെതിരായ പ്രമേയം നിയമസഭ പാസാക്കി
തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ നീക്കണമെന്ന പ്രമേയം പാസാക്കി നിയമസഭ. ഏകകണ്ഠമായാണ് പ്രമേയം പാസാക്കിയത്.
മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. കോണ്‍ഗ്രസും മുസ്ലിം ലീഗും പ്രമേയത്തില്‍ ഭേദഗതി നിര്‍ദേശിച്ചു. കേന്ദ്രത്തെ പേരെടുത്തു വിമര്‍ശിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
കുറ്റകൃത്യങ്ങൾ അത്യപൂർവമായി തീർന്ന ലക്ഷദ്വീപിൽ ഗുണ്ടാ ആക്ട് കൊണ്ടുവരുന്നതിനുള്ള നടപടിയും സ്വീകരിച്ചു കഴിഞ്ഞു. ഇത്തരത്തിൽ പ്രതിഷേധങ്ങൾ ഉയർന്നു വരുമ്പോൾ അതിനെ നേരിടാൻ മുൻകൂട്ടിയുള്ള തയ്യാറെടുപ്പും നടത്തിക്കൊണ്ടാണ് ഇത്തരം നടപടികൾ സ്വീകരിച്ചിരിക്കുന്നതെന്നും പ്രമേയത്തിൽ വ്യക്തമാക്കുന്നു.
ജനങ്ങളുടെ ഉപജീവനത്തിന് അടിസ്ഥാനമായി നിൽക്കുന്ന മത്സ്യബന്ധനത്തെ തകർക്കുന്ന നടപടിയും സ്വീകരിക്കുകയാണ് ലക്ഷ്യമിടുന്നതെന്നും പ്രമേയം കുറ്റപ്പെടുത്തി. മത്സ്യത്തൊഴിലാളികളുടെ ബോട്ടും വലയും സൂക്ഷിക്കുന്ന കൂടാരങ്ങൾ തന്നെ തകർത്തിരിക്കുന്നു. ജനങ്ങളുടെ സ്വാഭാവികമായ ഭക്ഷണരീതിയിൽ പ്രധാനമായി നിൽക്കുന്ന ഗോമാംസം തന്നെ ഇല്ലാതാക്കാനുള്ള നടപടികളും സ്വീകരിക്കുകയാണ്.
ഗോവധ നിരോധനം എന്ന സംഘപരിവാർ അജണ്ട പിൻവാതിലിലൂടെ നടപ്പാക്കുകയാണ്. ഗോവധവും ഗോമാംസവും നിരോധിക്കാനും ഒപ്പം ഡയറി ഫാമുകൾ അടച്ചുപൂട്ടാനുമുള്ള നടപടികളും മുന്നോട്ടുവെക്കുകയാണ്. ഇത്തരത്തിൽ ഒരു ജനതയുടെ ജീവിതത്തെയും സംസ്കാരത്തെയും ഇഞ്ചിഞ്ചായി ഇല്ലാതാക്കുന്ന നടപടികൾക്കാണ് ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർ നേതൃത്വം നൽകുന്നതെന്നും പ്രമേയം പറയുന്നു
കൊളോണിയല്‍ കാലത്തെ വെല്ലുന്ന നടപടികളാണ് ലക്ഷദ്വീപില്‍ നടക്കുന്നതെന്നും ലക്ഷദ്വീപിന്റെ ഭാവി ഇരുള് അടഞ്ഞ് പോകുന്ന പോലെയുള്ള പരിഷ്കാരങ്ങളാണ് നടപ്പാക്കുന്നതെന്നും സംഘപരിവാര്‍ അജണ്ടയുടെ പരീക്ഷണ ശാലകളാണ് ദ്വീപെന്നും മുഖ്യമന്ത്രി പറഞ്ഞു
ലക്ഷദ്വീപിന് മേല്‍ കാവി അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുകയാണെന്നും പ്രമേയം അവതരിപ്പിച്ചു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.