ലഹരിവസ്തുക്കൾ കണ്ടെത്താൻ അതിര്‍ത്തികളില്‍ റെയിഡ് നടത്തും; സ്‌കൂള്‍, കോളേജ് ബസ് സ്റ്റോപ്പുകളില്‍പട്രോളിംഗ് ശക്തമാക്കും

ലഹരിവസ്തുക്കൾ കണ്ടെത്താൻ സംസ്ഥാന അതിര്‍ത്തികളില്‍ റെയിഡും സ്‌കൂള്‍, കോളേജ് ബസ് സ്റ്റോപ്പുകളില്‍ പട്രോളിംഗും ശക്തമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. മുഖ്യമന്ത്രി അദ്ധ്യക്ഷനായി ലഹരിവിരുദ്ധ പ്രചരണത്തിന് രൂപീകരിച്ച സംസ്ഥാനസമിതി യോഗത്തിലാണ് തീരുമാനം. അതിര്‍ത്തികളില്‍ പോലീസ്, എക്‌സൈസ്, ഫോറസ്റ്റ് എന്നിവര്‍ ചേര്‍ന്ന് റെയിഡ് നടത്തും.

ലഹരി വിരുദ്ധ പ്രചരണത്തിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 2ന് സംസ്ഥാനത്തുടനീളം നടത്തും. രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ക്യാമ്പയിന്റെ ഗൗരവം ഉള്‍ക്കൊണ്ട് മുഴുവന്‍ ജനവിഭാഗങ്ങളും മുന്നോട്ടു വരണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വാര്‍ഡുകളിലെ പ്രധാന കേന്ദ്രത്തിലും ഗ്രന്ഥശാലകളിലും ഉദ്ഘാടന പരിപാടി സംഘടിപ്പിക്കും. ഉദ്ഘാടന പ്രസംഗം കേള്‍പ്പിക്കാനുള്ള സംവിധാനം ഓരോ കേന്ദ്രത്തിലും തയ്യാറാക്കണം. അതത് പ്രദേശത്തെ ജനപ്രതിനിധികള്‍, വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും പ്രതിനിധികള്‍, കലാകായിക പ്രതിഭകള്‍ തുടങ്ങി പരമാവധിപേരുടെ പങ്കാളിത്തം ഉറപ്പാക്കണം. വിദ്യാലയങ്ങള്‍ക്ക് അവധിയാണെങ്കിലും പരിപാടി നടത്തുന്നതിനുള്ള നടപടിയുണ്ടാവണം. ഉദ്ഘാടന പരിപാടിയുടെ പ്രചരണം വ്യാപകമായി നടത്തണം. തദ്ദേശ സ്ഥാപനതല/വാര്‍ഡ്തല/വിദ്യാലയസമതികള്‍ മുന്‍കൈയെടുത്ത് പ്രചരണ ബോര്‍ഡുകള്‍ സ്ഥാപിക്കണം.

ഒക്ടോബര്‍ 3ന് വിദ്യാലയങ്ങളിലും കലാലയങ്ങളിലും ക്ലാസ്സ് മുറികളില്‍ ലഹരിവിരുദ്ധ ചര്‍ച്ചയും സംവാദവും സംഘടിപ്പിക്കും. മുഖ്യമന്ത്രിയുടെ പ്രസംഗം അന്ന് ക്ലാസ്സ് മുറികളില്‍ കേള്‍പ്പിക്കണം. അതിന് സംവിധാനമില്ലാത്ത സ്‌കൂളുകളില്‍ ഒരുമിച്ചുള്ള അസംബ്ലിയോ മറ്റോ സംഘടിപ്പിച്ച് പ്രസംഗം പ്രക്ഷേപണം ചെയ്യണം. ഒക്ടോബര്‍ 6, 7 തീയതികളില്‍ എല്ലാ വിദ്യാലയങ്ങളിലും പി.ടി.എ/ എം.പി.ടി.എ/ വികസന സമിതി നേതൃത്വത്തില്‍ രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കും. ഒക്ടോബര്‍ 8 മുതല്‍ 12 വരെ വ്യത്യസ്ത കൂട്ടായ്മകളുടെ നേതൃത്വത്തില്‍ സംവാദവും പ്രതിജ്ഞയെടുക്കലും സംഘടിപ്പിക്കും. ലൈബ്രറികള്‍, ഹോസ്റ്റലുകള്‍, ക്ലബ്ബുകള്‍, അയല്‍ക്കൂട്ടങ്ങള്‍, റസിഡന്‍സ് അസോസിയേഷന്‍ തുടങ്ങിയ ഇടങ്ങളിലാണ് സംവാദവും പ്രതിജ്ഞയും നടത്തുക.

പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഗസന വകുപ്പിന്റെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം ഒക്ടോബര്‍ 2 മതുല്‍ 14 വരെയാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി നടത്തുന്ന പരിപാടികളില്‍ ലഹരിവിരുദ്ധ പ്രചരണം ഉള്‍പ്പെടുത്തും. പട്ടികജാതി/പട്ടികവര്‍ഗ്ഗ സങ്കേതകങ്ങള്‍ കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ ക്യാമ്പയിന്‍ പ്രത്യേകമായി നടത്തും. പ്രമോട്ടര്‍മാര്‍ക്ക് ചുമതല നിശ്ചയിക്കും. കോളനികളിലെ വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ പരിപാടി സംഘടിപ്പിക്കണം.

അതിഥി തൊഴിലാളികള്‍ക്കിടയില്‍ തൊഴില്‍ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ ബോധവല്‍ക്കരണവും എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങളും നടത്തും. ഇതിന് ട്രേഡ് യൂണിയന്‍ പ്രതിനിധികളുടെ യോഗം വിളിക്കും. ഒക്ടോബര്‍ 15 മുതല്‍ 22 വരെ പ്രത്യേക ക്യാമ്പയിന്‍ സംഘടിപ്പിക്കും. തീരദേശ മേഖലയിലെ വിവിധ സംഘടനകളുടെ യോഗം ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ ചേരും. ഒക്ടോബര്‍ 16 മുതല്‍ 24 വരെ തീരദേശമേഖലയില്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കും.

എല്ലാ വകുപ്പുകളുടെ നേതൃത്വത്തിലും വകുപ്പുകളുടെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളുടെ മുന്‍കൈയിലും ലഹരിവിരുദ്ധ പ്രചരണ പരിപാടികള്‍ ഇക്കാലയളവില്‍ ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഇതിനായി പ്രത്യേകം പരിപാടികള്‍ ആസൂത്രണം ചെയ്യണം.

കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ ഒക്ടോബര്‍ 9ന് ലഹരിവിരുദ്ധ സഭ സംഘടിപ്പിക്കണം. ഒക്ടോബര്‍ 14 ന് ബസ് സ്റ്റാന്‍ഡുകള്‍, ചന്തകള്‍, പ്രധാന ടൗണുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ വ്യാപാരി വ്യവസായികളുടെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ സദസ്സ് സംഘടിപ്പിക്കണം. ഒക്ടോബര്‍ 16ന് വൈകുന്നേരം 4 മുതല്‍ 7 വരെ സംസ്ഥാനത്തെ എല്ലാ വാര്‍ഡുകളിലും ജനജാഗ്രതാ സദസ്സ് സംഘടിപ്പിക്കും. ഒക്ടോബര്‍ 24 ന് ദീപാലിയോടനുബന്ധിച്ച് വീടുകളില്‍ ഉള്‍പ്പെടെ ലഹരിവിരുദ്ധ ദീപം തെളിയിക്കല്‍ നടത്താവുന്നതാണ്. ഗ്രന്ഥശാലകളില്‍ ഒക്ടോബര്‍ 23, 24 തീയതികളില്‍ പ്രത്യേകം പരിപാടികള്‍ നടത്തും.

സ്‌കൗട്ട് ആന്റ് ഗൈഡ്‌സിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ 1 വരെ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ 78 വിദ്യാഭ്യാസ ജില്ലകളിലൂടെ കടന്നുപോകുന്ന സൈക്കിള്‍ റാലി സംഘടിപ്പിക്കും. ഒക്ടോബര്‍ 28ന് എന്‍.സി.സി, എന്‍.എസ്.എസ്, എസ്.പി.സി, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തിലും സൈക്കിള്‍ റാലികള്‍ സംഘടിപ്പിക്കും. ക്ലബ്ബുകളുടെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ കായിക മത്സരങ്ങള്‍ സംഘടിപ്പിക്കും. കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരവും നടത്തും. സെലിബ്രിറ്റികള്‍, പ്രമുഖ വ്യക്തികള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ അണിചേരുന്ന കൂട്ടയോട്ടം പോലെയുള്ളവ സംഘടിപ്പിക്കും.

നവംബര്‍ 1 ന് വൈകിട്ട് 3 മണിമുതല്‍ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ ശൃംഖല നടത്തും. അതിനെത്തുടര്‍ന്ന് പ്രതീകാത്മകമായി ലഹരി വസ്തുക്കള്‍ കത്തിക്കും. വിദ്യാലയങ്ങള്‍ ഇല്ലാത്ത വാര്‍ഡുകളില്‍ ആ വാര്‍ഡിലെ പ്രധാന കേന്ദ്രങ്ങളില്‍ പരിപാടി നടത്താവുന്നതാണ്. പദ്ധതിയുടെ പ്രചരണത്തിന് 30, 31 തീയതികളില്‍ വിളംബര ജാഥകള്‍ വ്യാപകമായി നടത്തണം.

ജില്ലാ, തദ്ദേശ സ്വയംഭരണ, വാര്‍ഡ്, വിദ്യാലയതല സമിതികള്‍ സജീവമായി രൂപീകരിച്ചുവരുന്നുണ്ട്. സ്‌കൂള്‍തല സമിതികളില്‍ പോലീസ്/എക്‌സൈസ് പ്രതിനിധികളെക്കൂടി പങ്കെടുപ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

തിയേറ്ററുകളില്‍ ലഹരി വിരുദ്ധ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കും. സമുഹമാധ്യമങ്ങള്‍ വഴി ശക്തമായ പ്രചരണം നടത്തും. വിവിധ ഭാഷകളില്‍ പ്രചരണ ബോര്‍ഡുകള്‍ സ്ഥാപിക്കും.
പരിപാടിക്ക് പിന്തുണ തേടി രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം സെപ്തംബര്‍ 27നും മാധ്യമ മാനേജ്‌മെന്റ് യോഗം 28നും മത, സാമുദായിക, സാമൂഹ്യ സംഘടനാ പ്രതിനിധിയോഗം 30 നും മുഖ്യമന്ത്രി വിളിച്ചു.

യോഗത്തില്‍ മന്ത്രിമാരായ കെ. രാജന്‍, പി. രാജീവ്, കെ. രാധാകൃഷ്ണന്‍, എം.ബി. രാജേഷ്, വീണാ ജോര്‍ജ്, വി. ശിവന്‍കുട്ടി, വി.അബ്ദു റഹ്‌മാന്‍, ഡോ. ആര്‍. ബിന്ദു, ചീഫ് സെക്രട്ടറി ഡോ. വി.പി ജോയി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.