ലാറ്ററൽ എൻട്രി പ്രവേശന കൗൺസിലിംഗ് ആഗസ്റ്റ് 19 മുതൽ
കാസർകോട് ജില്ലയിൽ ഈ വർഷത്തെ പോളിടെക്നിക് കോളേജ് ലാറ്ററൽ എൻട്രി പ്രവേശനത്തിന് ഐടിഐ/കെജിസിഇ, പ്ലസ്ടു/വിഎച്ച്എസ്ഇ വിഭാഗത്തിൽ അപേക്ഷ സമർപ്പിച്ച് രജിസ്ട്രേഷൻ നടത്തിയവർക്കുള്ള പ്രവേശന കൗൺസിലിംഗ് ആഗസ്റ്റ് 19, 20 തീയ്യതികളിൽ പെരിയയിലെ കാസർകോട് ഗവ. പോളിടെക്നിക്കിൽ നടക്കും. ഐടിഐ/കെജിസിഇ വിഭാഗത്തിൽപ്പെട്ട എല്ലാ വിദ്യാർഥികളും ആഗസ്റ്റ് 19ന് രാവിലെ 10നകം കോളേജിൽ പേര് രജിസ്റ്റർ ചെയ്യണം. പ്ലസ്ടു/വിഎച്ച്എസ്ഇ വിഭാഗത്തിൽപ്പെട്ട ലാറ്റിൻ കാത്തലിക്, മറ്റു പിന്നോക്ക ക്രിസ്ത്യൻ, വിശ്വകർമ്മ, പട്ടികജാതി, പട്ടികവർഗ, ധീവര വിദ്യാർഥികളും സംവരണത്തിനർഹതയുള്ളവർ ഉൾപ്പെടെ 1000 റാങ്ക് വരെയുള്ളവരും അന്നേദിവസം രാവിലെ 11നകം 1001 മുതൽ 2000 റാങ്ക് വരെയുള്ളവർ 12നകവും കോളേജിൽ പേര് രജിസ്റ്റർ ചെയ്യണം. 2001 മുതൽ 8111 റാങ്ക് വരെയുള്ളവർ 20ന് രാവിലെ 10നകം പേര് രജിസ്റ്റർ ചെയ്യണം. വൈകി എത്തുന്നവർക്ക് അവസരം നഷ്ടപ്പെടും. അർഹരായവർക്ക് അപ്പോൾതന്നെ പ്രവേശനം ലഭിക്കും.
സംവരണത്തിന് അർഹതയുള്ള പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർ തഹസിൽദാർമാർ ലഭ്യമാക്കിയ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കണം. മറ്റുള്ളവർ വില്ലേജിൽ നിന്ന് ലഭിച്ച വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കണം. സാമ്പത്തിക സംവരണത്തിന് അർഹതയുള്ളവർ അർഹത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കൊണ്ടുവരണം. പ്ലസ്ടു/വിഎച്ച്എസ്ഇ വിഭാഗത്തിൽപ്പെട്ട ഒറിജിനൽ സർട്ടിഫിക്കറ്റ് ലഭിക്കാത്തവർ മാർക്ക് ലിസ്റ്റ് സാക്ഷ്യപ്പെടുത്തി ഹാജരാക്കണം. ഐടിഐ/കെജിസിഇ വിഭാഗത്തിൽപെട്ടവർ ഒറിജിനൽ മാർക്ക്ലിസ്റ്റ്/സർട്ടിഫിക്കറ്റ് ഹാജരാക്കണം. എല്ലാവരും പത്താം ക്ലാസ് സർട്ടിഫിക്കറ്റ് കൊണ്ടുവരണം. പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർ കുറഞ്ഞത് 1000 രൂപയും മറ്റുള്ളവർ 17000 രൂപയും ഫീസ് കരുതണം. 14000 രൂപക്കുള്ള ഡെബിറ്റ്/ക്രെഡിറ്റ് കാർഡും 3000 രൂപയുമാണ് കൊണ്ടുവരേണ്ടത്. പ്രവേശന സമയത്ത് വിദ്യാർഥികൾക്കൊപ്പം രക്ഷിതാക്കളും ഉണ്ടാവണം. പോളിടെക്നിക്കിൽ പഠനം നടത്തിയവർ ടി സി ഹാജരാക്കണം. ഫോൺ: 9495373926, 9497606964, 9946457866.