ലതിക സുഭാഷ് എൻസിപിയിലേക്ക്.
കോട്ടയം: മുൻ കോൺഗ്രസ് നേതാവും മഹിള കോൺഗ്രസ് അധ്യക്ഷയുമായിരുന്ന ലതിക സുഭാഷ് എൻസിപിയിലേക്ക്. എൻസിപി സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോയുമായി ലതിക സുഭാഷ് ചർച്ച നടത്തി. കോൺഗ്രസ് പാരമ്പര്യമുള്ള പാർട്ടിയാണ് എൻസിപിയെന്ന് ലതിക സുഭാഷ് പറഞ്ഞു. പാർട്ടിയിൽ ചേരുന്നത് സംബന്ധിച്ച ഔദ്യോഗീക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്നാണ് സൂചന.
നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് ലതിക സുഭാഷ് കോൺഗ്രസ് വിട്ടത്. പാർട്ടി ഓഫീസിന് മുന്നിൽ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ച ലതിക സുഭാഷ്, ഏറ്റുമാനൂർ നിയോജകമണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുകയും ചെയ്തിരുന്നു. എന്നാൽ പരാജയപ്പെട്ടു.
‘പി.സി. ചാക്കോയുമായി ആശയ വിനിമയം നടത്തിയിരുന്നു. ഞാൻ വളരെ ചെറിയ പ്രായം മുതൽ കാണുന്ന ഒരു കോൺഗ്രസ് നേതാവാണ് അദ്ദേഹം. അത്തരം ചർച്ചകൾ ആലോചിച്ച് വരികയാണ്. വൈകാതെ എന്റെ നിലപാട് വ്യക്തമാക്കും. കോൺഗ്രസുമായി ബന്ധപ്പെട്ട് നിൽക്കുന്നതല്ലാത്ത മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനത്തിലേക്ക് പോകാൻ എനിക്ക് കഴിയുകയില്ല. കോൺഗ്രസിന്റെ പാരമ്പര്യത്തിൽ വന്ന വ്യക്തി എന്ന നിലയിൽ അത്തരം ചില ആലോചനകളുണ്ട്. വളരെ വൈകാതെ മാധ്യമ പ്രവർത്തകരുമായി പങ്കുവെക്കും,’ലതികാ സുഭാഷ് പറഞ്ഞു