വളാഞ്ചേരിയിൽ കണ്ടെത്തിയ മൃതദേഹം കാണാതായ സുബീറ ഫർഹത്തിന്റേതെന്ന് തിരിച്ചറിഞ്ഞു

വളാഞ്ചേരിയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ മൃതദേഹം കാണാതായ സുബീറ ഫർഹത്തിന്റേതെന്ന് തിരിച്ചറിഞ്ഞു. വസ്ത്രങ്ങൾ കണ്ട് ബന്ധുക്കളാണ് മൃതദേഹം സുബീറയുടേതെന്ന് തിരിച്ചറിഞ്ഞത്. മൃതദേഹം കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കും.

അതേസമയം, സുബീറയെ കൊലപ്പെടുത്തിയതെന്ന് പ്രതി അൻവർ പൊലീസിനോട് സമ്മതിച്ചു. മോഷണത്തിനായാണ് സുബീറയെ കൊന്നത്. ആളൊഴിഞ്ഞ സ്ഥലത്തുവച്ച് സുബീറയെ കൊന്ന ശേഷം മൃതദേഹം കുഴിച്ചിടുകയായിരുന്നുവെന്നും ഇയാൾ പൊലീസിനോട് വിശദീകരിച്ചു.

അതിനിടെ, കുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ആളായിരുന്നു പ്രതി അൻവറെന്ന് സുബീറയുടെ സഹോദരൻ ഷറഫുദീൻ പറഞ്ഞു. ഉദ്യോഗസ്ഥരെ വഴി തെറ്റിക്കാൻ ഇയാൾ മനഃപൂർവ്വം ശ്രമിച്ചു. ഇതിനായി ആക്ഷൻ കമ്മിറ്റിക്കൊപ്പം ഇയാൾ ചേർന്നതായും ഷറഫുദീൻ വ്യക്തമാക്കി.

മാർച്ച് പത്തിനാണ് ദന്താശുപത്രിയിലെ ജീവനക്കാരിയായ യുവതിയെ കാണാതായത്. ജോലി സ്ഥലത്തേക്കുള്ള വഴിയിലെ സി.സി.ടി.വി ക്യാമറയിൽ യുവതി നടന്നു പോവുന്ന വ്യക്തമായ ദൃശയങ്ങളുണ്ട്. പിന്നീട് എങ്ങോട്ടു പോയെന്ന സംശയം ദുരൂഹമായി തുടരുകയായിരുന്നു. അൻവറിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പെട്ടെന്ന് മണ്ണ് നിരപ്പാക്കിയ രീതിയിൽ കാണപ്പെട്ടതാണ് സംശയത്തിന് ഇടയാക്കിയത്. തുടർന്ന് മണ്ണ് നിരപ്പാക്കിയ ജെസിബി ഡ്രൈവറെ ചോദ്യം ചെയ്ത്പ്പോഴാണ് സംഭവത്തിൽ കൂടുതൽ സംശയം ബലപ്പെട്ടത്. പിന്നീട് നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.