വാക്സിനെടുക്കാത്ത അധ്യാപകര്‍ മാറി നില്‍ക്കണം: മന്ത്രി ശിവന്‍കുട്ടി
കൊവിഡ് വാക്സിനെടുക്കാത്ത അധ്യാപകര്‍ കുട്ടികളെ പഠിപ്പിക്കുന്നതില്‍ നിന്നും മാറി നില്‍ക്കണമെന്നും അവര്‍ക്ക് യാതൊരു പ്രോത്സാഹനവും സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുകയില്ലെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ചുണ്ടങ്ങാ പൊയില്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തിനായി തലശ്ശേരി നിയോജക മണ്ഡലം എം എല്‍ എ അഡ്വ.എ എന്‍ ഷംസീറിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഒരു കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു കൂട്ടം അധ്യാപകരുടെ സ്വാര്‍ഥ ചിന്തയുടെ പേരില്‍ കുട്ടികളുടെ ആരോഗ്യം വച്ചുള്ള കളികള്‍ക്ക് കൂട്ടുനില്ക്കാന് സര്‍ക്കാറിന് കഴിയില്ലെന്നും എല്ലാവരും വാക്സിന് സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. മികവില്‍ നിന്നും മികവിലേക്കുള്ള പ്രയാണത്തിലാണ് കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല. എസ് എസ് എല്‍ സി വിജയികള്‍ക്ക് ഉപരിപഠനത്തിനായി സര്‍ക്കാര്‍ 72 പ്ലസ് വണ്‍ ബാച്ചുകളാണ് പുതുതായി അനുവദിച്ചത്. മലബാര്‍ മേഖലയില്‍ 20 ശതമാനം സീറ്റുകളും വര്‍ധിപ്പിച്ചു. കൊവിഡ് സ്കൂള്‍പഠനം പ്രതിസന്ധിയിലാക്കിയപ്പോള്‍ ഡിജിറ്റല്‍ മേഖലയിലേക്കും പിന്നീട് ജി സ്യൂട്ട് സംവിധാനത്തിലൂടെ ഓണ്‍ലൈന്‍ രീതിയിലും ക്ലാസുകള്‍ നടത്തി വിജയം കൈവരിക്കാന്‍ കേരള പൊതു വിദ്യാഭ്യാസ മേഖലക്ക് കഴിഞ്ഞു. ഇന്ത്യയില്‍ കൊവിഡിനിടയിലും ബോര്‍ഡ് പരീക്ഷ കുറ്റമറ്റ രീതിയില്‍ നടത്താന്‍ കേരളത്തിനായി. ഇച്ഛാശക്തിയുള്ള സര്‍ക്കാരിന്റെ ഇടപെടലും ജനങ്ങളുടെ സഹകരണവുമാണ് ഇത് സാധ്യമാക്കിയത് മന്ത്രി പറഞ്ഞു. ചുണ്ടങ്ങാപൊയില്‍ സ്കൂളിന് ഒരു കെട്ടിടം കൂടി പണിയുന്നതിന് ഒരു കോടി രൂപ അനുവദിക്കണമെന്ന എ എന്‍ ഷംസീര്‍ എംഎല്‍എയുടെയും പി ടി എ യുടെയും അപേക്ഷ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.
അഡ്വ.എ എന്‍ ഷംസീര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. പ്രമുഖ ചിത്രകാരനായ പൊന്ന്യം ചന്ദ്രന് വരച്ച വിദ്യാഭ്യാസ മന്ത്രിക്കുള്ള ഉപഹാര ചിത്രം കതിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി സനല്‍ മന്ത്രിക്ക് സമര്‍പ്പിച്ചു. സ്കൂളിലെ വിദ്യാര്‍ഥിയായ നിവേദ് വരച്ച മന്ത്രിയുടെ ഛായചിത്രവും മന്ത്രി ശിവന്‍കുട്ടി ഏറ്റുവാങ്ങി. കരാറുകാരനുള്ള ഉപഹാരം പി ടി എ പ്രസിഡണ്ട് പി ചന്ദ്രന് നല്കി. ജില്ലാ പഞ്ചായത്ത് എല്‍ എസ് ജി ഡി എക്സിക്യുട്ടീവ് എഞ്ചിനീയര്‍ സി എം ജാന്‍സി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ ശൈലജ, വൈസ് പ്രസിഡണ്ട് ടി ടി റംല, ജില്ലാ പഞ്ചായത്തംഗം മുഹമ്മദ് അഫ്സല്, കതിരൂര്‍ ഗ്രാമപഞ്ചായത്തംഗം ടി ധനലക്ഷ്മി, ഹയര്‍ സെക്കണ്ടറി വിഭാഗം മേഖലാ ഡെപ്യൂട്ടി ഡയരക്ടര്‍ പി എന്‍ ശിവന്, തലശ്ശേരി ഡി ഇ ഒ എ പി അംബിക, പ്രിന്‍സിപ്പല്‍ കെ കെ ബാലകൃഷ്ണന്, ഹെഡ്മാസ്റ്റര് എന്‍ പി രാജീവന്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.