വാക്‌സിന്‍ സൗജന്യമായി നല്‍കിയിട്ടുണ്ട്, അത് തുടരും; പ്രധാനമന്ത്രി

ന്യൂഡൽഹി: കോവിഡ് വാക്സിനേഷനെക്കുറിച്ചുള്ള അഭ്യൂഹങ്ങളിൽ വീഴരുതെന്ന് ജനങ്ങളോട് അഭ്യർത്ഥിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘കേന്ദ്ര സർക്കാർ എല്ലാ സംസ്ഥാന സർക്കാരുകൾക്കും സൗജന്യ വാക്സിൻ അയച്ചിട്ടുണ്ടെന്ന് നിങ്ങൾ എല്ലാവരും അറിഞ്ഞിരിക്കണം. അത് ഇനിയും തുടരും. 45 വയസ്സിന് മുകളിലുള്ള എല്ലാ ആളുകൾക്കും ഇത് പ്രയോജനപ്പെടുത്താം. മെയ് 1 മുതൽ 18 വയസ്സിന് മുകളിലുള്ള ഓരോ വ്യക്തിക്കും വാക്സിൻ ലഭ്യമാകും’ പ്രധാനമന്ത്രി പറഞ്ഞു. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലൂടെ രാജ്യത്തോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

രാജ്യത്തെ സൗജന്യ വാക്സിനേഷൻ പദ്ധതി ഭാവിയിലും തുടരും. സൗജന്യവാക്സിനേഷൻ പദ്ധതിയും പ്രയോജനം കഴിയുന്നത്ര ആളുകളിൽ എത്തിക്കാൻ സംസ്ഥാനങ്ങളോട് അഭ്യർത്ഥിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്തെ പിടിച്ചു കുലുക്കിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ‘നമ്മുടെ പ്രിയപ്പെട്ടവരിൽ പലരും നമ്മെ അകാലത്തിൽ വിട്ടുപിരിഞ്ഞു. നമ്മൾ ഒന്നാം തരംഗത്തെ വിജയകരമായി നേരിട്ടതിനുശേഷം രാജ്യത്തിന്റെ മനോവീര്യം ഉയർന്നതായിരുന്നു, ആത്മവിശ്വാസമുണ്ടായിരുന്നു പക്ഷേ ഈ കൊടുങ്കാറ്റ് (രണ്ടാം തരംഗം) രാജ്യത്തെ പിടിച്ചുകുലുക്കി’മോദി പറഞ്ഞു.

എല്ലാവരും ഒത്തൊരുമിച്ചുള്ള പോരാട്ടം ആവശ്യമാണ്. വിശ്വസനീയമായ ഉറവിടങ്ങളിലൂടെ മാത്രം കോവിഡിനെക്കുറിച്ചുള്ള വിവരങ്ങൾ തേടണം. അഭ്യൂഹങ്ങൾ പരത്തരുതെന്ന് അഭ്യർത്ഥിക്കുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.