വിവാഹ വാഗ്ദാനം നൽകി ലൈംഗിക ബന്ധത്തിലേർപ്പെട്ടെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ.
പയ്യന്നൂർ : വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ യുവതിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗിക ബന്ധത്തിലേർപ്പെട്ടെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. പയ്യന്നൂർ സ്വദേശി നിശാന്ത്(36) ആണ് അറസ്റ്റിലായത്. സ്വകാര്യ ബസിലെ ഡ്രൈവറായ ഇയാൾ ആലക്കോട് ഉദയഗിരി സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗിക ബന്ധത്തിലേർപ്പെട്ടു എന്നാണ് പരാതി.
കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിനായ്പദമായ സംഭവം. ഭർതൃമതിയായ ഇരുപത്താറുകാരി ബസ് ഡ്രൈവറായ നിശാന്തുമായി പ്രണയത്തിലായി. സോഷ്യൽ മീഡിയയിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. ഒരുകുട്ടിയുടെ അമ്മകൂടിയായ യുവതിയെ നിശാന്ത് പ്രലോഭിപ്പിച്ച് വിവാഹ വാഗ്ദാനം നൽകി പയ്യന്നൂർ പോലീസ് സ്റ്റേഷൻ റോഡിലെ ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
എന്നാൽ, ശാരീരിക ബന്ധത്തിന് ശേഷം യുവാവ് തന്നിൽ നിന്നും അകലുന്നുവെന്ന് മനസ്സിലാക്കിയ യുവതി ഇയാൾക്കെതിരെ ആലക്കോട് പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവം നടന്നത് പയ്യന്നൂരിലായതിനാൽ ആലക്കോട് പോലീസ് പയ്യന്നൂർ പോലിസിന് കേസ് കൈമാറുകയായിരുന്നു.
യുവതിയുടെ പരാതിയിൽ കേസെടുത്ത് പയ്യന്നൂർ സ്റ്റേഷൻ ഇൻസ്പെക്ടർ മഹേഷ് കെ.നായരുടെ നിർദേശ പ്രകാരം എസ്ഐ ഉണ്ണികൃഷ്ണൻറെ നേതൃത്വത്തിലുള്ള പോലീസ് സംഘം പെരുമ്പയിൽനിന്നുമാണ് പ്രതിയെ പിടികൂടിയത്.