ഷിഗല്ല ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയ തലശ്ശേരിയിൽ പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കി
ഷിഗല്ല ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയ തലശ്ശേരി യിൽ പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കി ഭക്ഷ്യ സുരക്ഷാ വിഭാഗവും നഗരസഭാ ആരോഗ്യ വകുപ്പും .നഗരത്തിലെ ഹോട്ടലുകളിൽ പരിശോധനതുടരുന്നു.
പൊതുകിണറുകളിലെ വെള്ളം പരിശോധന തുടങ്ങി. ലൈസൻസ് പുതുക്കാൻ ഹോട്ടൽ ഉടമകൾ വെള്ളം പരിശോധിച്ച സർട്ടിഫിക്കറ്റ് ഹാജരാക്കണം തലശ്ശേരി നഗരത്തിൽ കഴിഞ്ഞ ദിവസം ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് ഷിഗല്ല ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയത് .
തുടർന്ന് ഹോട്ടൽ കൂൾബാർ ഉൾപ്പെടെ നാല് സ്ഥാപനങ്ങൾ അടപ്പിച്ചിരുന്നു. രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന് വേണ്ടി ഭക്ഷ്യ സുരക്ഷ വിഭാഗവും നഗരസഭാ ആരോഗ്യ വിഭാഗവും നഗരത്തിൽ സംയുക്തമായി പരിശോധന നടത്തി. ഹോട്ടലുകളിൽ നിന്നും പൊതുകിണറുകളിൽ നിന്നും വെള്ളത്തിൻ്റെ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. സൂപ്പർ ക്ലോറിനേഷൻ ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് നഗരസഭ ഹെൽത്ത് സൂപ്പർവൈസർ ടി.പ്രമോദ് പറഞ്ഞു.
ഹോട്ടലുകളുടെ ലൈസൻസ് ഈ മാസം പുതുക്കുമ്പോൾ വെള്ളം പരിശോധിച്ച സർട്ടിഫിക്കറ്റ് ഹാജരാക്കണം.കൂടാതെ വെള്ളം വിതരണം ചെയ്യുന്നവർക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കും. ഇരിട്ടി പയഞ്ചേരി മുക്കിലെ ഒമ്പത് കാരിക്ക് കഴിഞ്ഞ ദിവസം ഷിഗല്ല ബാധിച്ചതായി റിപ്പോർട്ട് ചെയ്തിരുന്നു.ഇതിൻ്റെ പശ്ചാത്തലത്തിലാണ് ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശപ്രകാരം ജില്ലയിലുടനീളം പരിശോധന കർശനമാക്കിയത് .