സംസ്ഥാനത്തെ സിനിമാ തിയറ്ററുകള്‍ ഇന്ന് തുറക്കില്ല.
കൊച്ചി : സർക്കാർ അനുമതി നൽകിയെങ്കിലും സംസ്ഥാനത്തെ സിനിമാ തിയറ്ററുകള്‍ ഇന്ന് തുറക്കില്ല. തിയറ്ററുകൾ തുറക്കുന്നതു സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്ന് ഫിയോക്ക് – ഫിലിം ചേംബർ പ്രതിനിധികൾ അറിയിച്ചിരുന്നു.
ഭാവി പരിപാടികൾ തീരുമാനിക്കാൻ തിയറ്ററുടമകളുടെ സംഘടനയായ ഫിയോക് ഇന്ന് രാവിലെ പതിനൊന്നിന് കൊച്ചിയിൽ യോഗം ചേരും. പുതിയ റിലീസുകൽ സംബന്ധിച്ച അവ്യക്തതയും സർക്കാരിൽ നിന്നും സഹായപ്രഖ്യാപനം വരാത്തതും തിയേറ്ററുകൾ തുറക്കുന്നത് അനിശ്ചിതത്വത്തിലാക്കുന്നു.
ഫിയോക് യോഗത്തിന് പിന്നാലെ, ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ, സിനി എക്സിബിറ്റേവ്സ് അസോസിയേഷൻ എന്നിവരുമായും ചർച്ച നടത്തും. നേരത്തെ റിലീസ് ചെയ്ത സിനിമകളുടെ വിഹിതം കുടിശികയായതിനെ ചൊല്ലി തിയറ്ററുടമകളുമായി നിർമാതാക്കൾക്കും വിതരണക്കാർക്കുമുള്ള പ്രശ്നം പരിഹരിക്കാൻ നാളെ ഫിലിം ചേംബറിന്റെ നേതൃത്വത്തിൽ സിനിമ സംഘടനകളും യോഗം ചേരും.
പ്രവർത്തന സമയം രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പതുവരെയാക്കി നിജപ്പെടുത്തിയാണ് തിയറ്ററുകൾ പ്രവർത്തിക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയത്. മൾട്ടിപ്ളെക്സുകളിൽ ആൾക്കൂട്ടം ഒഴിവാക്കാൻ ഓരോ ഹാളിലും വ്യത്യസ്ത സമയങ്ങളിൽ പ്രദർശനം നടത്തണം. സീറ്റുകളുടെ 50 ശതമാനം പേരെയേ പ്രവേശിപ്പിക്കാവൂ തുടങ്ങിയവയാണ് നിബന്ധനകൾ.