സംസ്ഥാനത്ത് ആദ്യമായി സിക്ക വൈറസ് സ്ഥിരീകരിച്ചു.

തിരുവനന്തപുരം∙ സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം ജില്ലയിൽ സിക്ക വൈറസ് സ്ഥിരീകരിച്ചു. ഇതുവരെ 13 പേരിലാണു വൈറസ് കണ്ടെത്തിയത്. ഭൂരിഭാഗവും ആരോഗ്യപ്രവർത്തകർ. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ സാംപിൾ പരിശോധനയിലാണു സ്ഥിരീകരണം.

ഈഡിസ് കൊതുകുകൾ വഴി പടരുന്ന രോഗമാണ് സിക്ക. ഡെങ്കിപ്പനിക്കും ചിക്കുൻഗുനിയക്കും സമാനമായ രോഗലക്ഷണം തന്നെയാണ് സിക്ക വൈറസ് ബാധയ്ക്കുമുള്ളത്. ഈ വൈറസ് ബാധയ്ക്ക് പ്രത്യേകിച്ച് ചികിത്സയില്ല. ലക്ഷണങ്ങൾ അനുസരിച്ചുള്ള ചികിത്സ നൽകും.

സിക്ക വൈറസ് ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിക്കാറില്ല. വിശ്രമിച്ചാൽ പൂർണമായും മാറും. ഗർഭിണികൾക്കു വൈറസ് ബാധ ഉണ്ടായാൽ ഗർഭസ്ഥ ശിശുവിന്റെ മസ്തിഷ്കത്തിനു തകരാറുണ്ടാകാൻ സാധ്യതയുണ്ടെന്നാണു പഠനങ്ങൾ വ്യക്തമാക്കുന്നത്