സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍

തിരുവനന്തപുരം: കുതിച്ചുയരുന്ന കോവിഡിനെ പ്രതിരോധിക്കാൻ വാരാന്ത്യത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. അവശ്യസര്‍വീസുകള്‍ക്ക് മാത്രമായിരിക്കും അനുമതി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

വാരാന്ത്യത്തില്‍ തിരക്ക് ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടുകൂടി കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. 24, 25 തീയതികളില്‍ അവശ്യസര്‍വീസുകള്‍ മാത്രമാകും അനുവദിക്കുക. ജനങ്ങള്‍ പൊതുഇടങ്ങളില്‍ ഇറങ്ങുന്നത് നിയന്ത്രിക്കുക എന്നതിന്റെ ഭാഗമായാണ് രണ്ട് ദിവസം കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനം.

സര്‍ക്കാര്‍ ഓഫീസുകളില്‍ പകുതി ജീവനക്കാര്‍ക്ക് മാത്രമാകും പ്രവേശനം അനുവദിക്കുക.

വര്‍ക്ക്ഫ്രം ഹോം ഏര്‍പ്പെടുത്തണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്വകാര്യമേഖലയിലും ഈ രീതി തുടരണമെന്നാണ് നിര്‍ദേശം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രം മതിയെന്ന് മുഖമന്ത്രി പറഞ്ഞു.

വാക്‌സിന്‍ സ്വീകരിക്കാനുള്ള തിരക്കൊഴിവാക്കണം. ആളുകള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ വാക്‌സിന്‍ വിതരണത്തിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ ക്രമീകരിക്കണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു