സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴ തുടരാന്‍ സാധ്യത

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള 11 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ഒഴികെയുള്ളപത്ത് ജില്ലകളില്‍ നാളെ മഴ മുന്നറിയിപ്പുണ്ട്.

ചൊവ്വാഴ്ച്ച 5 ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍7 മുതല്‍ 11 സെന്റീമീറ്റര്‍ വരെയുള്ള മഴയ്ക്കാണ് സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂന മര്‍ദം ശക്തി പ്രാപിച്ച് അടുത്ത 24 മണിക്കൂറിനുള്ളില്‍ വടക്കന്‍ ഒഡീഷ-പശ്ചിമ ബംഗാള്‍ തീരത്തെത്തി തീവ്ര ന്യുന മര്‍ദമാകുകയും തുര്‍ന്ന് വീണ്ടും ശക്തി പ്രാപിക്കുമെന്നും പ്രവചനമുണ്ട്.

ന്യൂനമര്‍ദത്തിന്റെ സ്വാധീനത്തില്‍ അറബിക്കടലില്‍ കാലവര്‍ഷക്കാറ്റ് ശക്തി പ്രാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ തീരമേഖലയില്‍ ശക്തമായ കാറ്റും മഴയും പ്രതീക്ഷിക്കാം.കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ നിലവില്‍ മത്സ്യബന്ധനത്തിന് തടസമില്ല. എന്നാല്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പുലര്‍ത്തണം.