സമ്പദ് വ്യവസ്ഥയിൽ ഇടപെടാൻ തദ്ദേശസ്ഥാപനങ്ങൾ പ്രാപ്തി നേടണം :
മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ
ജനങ്ങൾക്ക് സേവനം ലഭ്യമാക്കുന്നതോടൊപ്പം സമ്പദ് വ്യവസ്ഥയിൽ ഇടപെടാൻ കഴിയുന്ന പ്രാദേശിക സർക്കാരുകളായി തദ്ദേശസ്ഥാപനങ്ങൾക്ക് ഉയരാൻ കഴിയണമെന്ന് തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഇരിട്ടി നഗരസഭയുടെ രണ്ടാം നില കെട്ടിടത്തിന്റെയും അനുബന്ധ ഓഫീസുകളുടെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
വിജ്ഞാന സമൂഹം എന്നതിലുപരി വിജ്ഞാന സമ്പദ് വ്യവസ്ഥ കൈകാര്യം ചെയ്യാൻ നമുക്ക് ആകണം. ലക്ഷക്കണക്കിന് സ്റ്റാർട്ടപ്പുകൾക്ക് സാധ്യതയുള്ള നാടാണ് കേരളം. ഈ സാധ്യതകൾ പ്രയോജനപ്പെടുത്തി സംരംഭകരെ മുന്നോട്ട് കൊണ്ട് വന്നാൽ സമ്പദ് വ്യവസ്ഥയുടെ ഭാഗമാകാൻ കഴിയും. മന്ത്രി പറഞ്ഞു.
ഓഖി, കൊവിഡ് തുടങ്ങിയ പ്രതികൂല സാഹചര്യങ്ങളിൽ ജനങ്ങളെ ചേർത്തു നിർത്തി മികച്ച പ്രവർത്തനങ്ങൾ കാഴ്ച വെച്ചതിന് വലിയ അംഗീകാരം നേടിയെടുക്കാൻ കഴിഞ്ഞവരാണ് തദ്ദേശസ്ഥാപനങ്ങളെന്നും ഇനിയും അത് മുന്നോട്ട് കൊണ്ടു പോകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നഗരസഭയുടെ 2019-20 വർഷത്തെ വാർഷിക പദ്ധതിയിൽ നിന്നും 25 ലക്ഷവും 2021-22 വാർഷിക പദ്ധതിയിൽ നിന്നും 27 ലക്ഷവും ചേർത്ത് ആകെ 52 ലക്ഷം രൂപ വിനിയോഗിച്ചാണ് രണ്ടാം നില കെട്ടിടത്തിന്റെയും അനുബന്ധ ഓഫീസുകളുടെയും നിർമ്മാണം നടത്തിയത്. കൗൺസിൽ ഹാളും, സ്ഥിരം സമിതി അധ്യക്ഷരുടെ ഓഫീസ് മുറിയും ടോയിലറ്റ് സൗകര്യങ്ങളുമാണ് രണ്ടാം നിലയിൽ ഒരുക്കിയിട്ടുള്ളത്.
വിവിധ ഓഫീസുകളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ.ബിനോയ് കുര്യൻ നിർവഹിച്ചു. അഡ്വ.സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷനായി. ഇരിട്ടി നഗരസഭ അസിസ്റ്റന്റ് എൻജിനീയർ എ സ്വരൂപ് റിപ്പോർട്ട് അവതരിപ്പിച്ചു. ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ ശ്രീലത, വൈസ് ചെയർമാൻ പി പി ഉസ്മാൻ, സ്ഥിരം സമിതി അധ്യക്ഷരായ പി കെ ബൾക്കീസ്, എ കെ രവീന്ദ്രൻ, കെ സുരേഷ്, കെ സോയ, ടി കെ ഫസീല, കൗൺസിലർമാരായ വി ശശി, എ എ കെ ഷൈജു, പി ഫൈസൽ, നഗരസഭാ സെക്രട്ടറി കെ അഭിലാഷ്, ഇരിട്ടി നഗരസഭ മുൻ ചെയർമാൻ പി പി അശോകൻ, വിവിധ രാഷ്ട്രീയ-സാമൂഹ്യ പ്രതിനിധികൾ, ജീവനക്കാർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.