സ്കൂളുകളിൽ സ്ഥിരം സംഗീത അധ്യാപകരെ നിയമിക്കുന്ന കാര്യം സർക്കാർ ഗൗരവമായി ചിന്തിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: സ്കൂളുകളിൽ സ്ഥിരം സംഗീത അധ്യാപകരെ നിയമിക്കുന്ന കാര്യം സർക്കാർ ഗൗരവമായി ചിന്തിക്കണമെന്ന് ഹൈക്കോടതി. കുട്ടികളുടെ എണ്ണം കുറഞ്ഞതിന്റെ പേരിൽ സ്കൂളുകളിൽ സംഗീത അധ്യാപകരെ നിയമിക്കാതിരിക്കുന്നത് വിവേചനപരമായ നടപടിയാണ്. കുട്ടികളുടെയോ പീരിയഡുകളുടെയോ എണ്ണവും അധിക സാമ്പത്തിക ബാധ്യതയും സ്കൂളുകളിൽ സംഗീത അധ്യാപകരെ നിയമിക്കുന്നതിന് മാനദണ്ഡമോ തടസ്സമോ ആവരുത്. കുട്ടികളുടെ മാനസികാരോഗ്യത്തിനും സന്തോഷത്തിനും ക്ഷേമ രാഷ്ട്രത്തിൽ പ്രധാന്യമുണ്ടെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ പറഞ്ഞു. നിയമനം സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിയും സംഗീതാധ്യാപകനായ ഹെലൻ തിലകം സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിരീക്ഷണങ്ങൾ.