ഹിമാചല്‍പ്രദേശില്‍ കനത്ത മഴയിലും മിന്നല്‍ പ്രളയത്തിലുമായി മൂന്ന് പേര്‍ മരിച്ചു

ഹിമാചല്‍പ്രദേശില്‍ കനത്ത മഴയിലും മിന്നല്‍ പ്രളയത്തിലുമായി മൂന്ന് പേര്‍ മരിച്ചു. പത്ത് പേരെ കാണാതായി. പലയിടങ്ങളിലായി ടൂറിസ്റ്റുകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഉത്തരാഖണ്ഡ്, ജമ്മുകശ്മീര്‍, ബിഹാര്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും അടുത്ത നാല് ദിവസം കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി.

മേഘവിസ്‌ഫോടനത്തിലാണ് മൂന്ന് പേര്‍ മരിച്ചത്. ഹിമാചല്‍പ്രദേശിലെ മൂന്ന് ജില്ലകളിലാണ് കനത്ത നാശനഷ്ടമുണ്ടായത്. കാങ്കറ ജില്ലയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായി. ധരംശാലയില്‍ നൂറിലേറെ പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. പ്രളയത്തെ തുടര്‍ന്ന് നിരവധി വാഹനങ്ങള്‍ ഒഴുകിപ്പോകുകയും മണ്ണിനടിയിലാകുകയും ചെയ്തു.

എന്‍ഡിആര്‍എഫിന്റെ വിവിധ സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. വിവിധ സംസ്ഥാനങ്ങളില്‍ കനത്ത മഴ ഇപ്പോഴും തുടരുകയാണ്. വരുന്ന മൂന്ന് ദിവസത്തേക്ക് ഹിമാചല്‍പ്രദേശില്‍ കനത്ത മഴ തുടരും. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദേശം നല്‍കി.